| Saturday, 21st June 2025, 9:06 pm

ഇംഗ്ലണ്ടിനെ വിറപ്പിച്ച പാര്‍ടണര്‍ഷിപ്പ്; ഗാംഗുലിയും സച്ചിനും വാഴുന്ന റെക്കോഡ് ലിസ്റ്റിലേക്ക് ഇവരും!

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഏറ്റുമുട്ടുകയാണ്. അഞ്ച് പരമ്പരകളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യ ഓള്‍ ഔട്ട് ആയിരിക്കുകയാണ്. 471 എന്ന മികച്ച സ്‌കോറിലാണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്.

യശസ്വി ജെയ്‌സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്. മധ്യനിരയില്‍ ഗില്ലും പന്തും പടുത്തുയര്‍ത്തിയ ഇന്നിങ്‌സാണ് അതില്‍ ഏറെ നിര്‍ണായകമായത്. 209 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും ഇവര്‍ക്ക് സാധിച്ചിരിക്കുകയാണ്. ലീഡ്‌സില്‍ നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൂട്ടുകെട്ടാണിത്.

ലീഡ്‌സില്‍ നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്, വര്‍ഷം എന്ന ക്രമത്തില്‍

സൗരവ് ഗാംഗുലി & സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 249 – 2002

വിജയ് ഹസാരെ & വിജയ് മഞ്ജരേക്കര്‍ – 222 – 1952

റിഷബ് പന്ത് & ശുഭ്മന്‍ ഗില്‍ – 209 – 2025

ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 158 പന്തില്‍ നിന്ന് 16 ഫോറും ഒരു സിക്സറുമടക്കം 101 റണ്‍സിനാണ്  മടങ്ങിയത്. രാഹുല്‍ 42 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും തന്നെ ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചില്ല.

ആരാധകരെ ഏറെ നിരാശപ്പെടുത്തിയാണ് അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശനും എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ കരുണ്‍ നായരും കളം വിട്ടത്. നാല് പന്തുകള്‍ നേരിട്ട് പൂജ്യം റണ്‍സിനാണ് ഇരുവരും പുറത്തായത്. മാത്രമല്ല ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ഇരുവരുടേയും വിക്കറ്റ് നേടിയത്.

ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും ജോഷ് ടംങ്ങുമാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. നാല് വിക്കറ്റുകളാണ് ഇരുവരും നേടിയത്. ബ്രൈഡന്‍ കാഴ്സ്, ബഷീര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 17 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഓവറിനെത്തിയ ബുംറ തന്റെ അവസാന പന്തില്‍ സാക്ക് ക്രോളിയെ കരുണ്‍ നായരുടെ കയ്യിലെത്തിച്ചാണ് വിക്കറ്റ് നേടിയത്. നിലവില്‍ ക്രീസില്‍ തുടരുന്നത് ഒല്ലി പോപ്പും (38 റണ്‍സ്), ബെന്‍ ഡക്കറ്റുമാണ് (43 റണ്‍സ്).

Content Highlight: India VS England: Shubhman Gill And Rishabh Pant In Record Achievement In Leeds

We use cookies to give you the best possible experience. Learn more