ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നാളെ (ബുധന്‍) എഡ്ജ്ബാസ്റ്റണില്‍ നടക്കാനാരിക്കുകയാണ്. ആദ്യ ടെസ്റ്റിലെ പരാജയത്തെ മറികടക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയരായ ത്രീ ലയണ്‍സ് മുന്നിലാണ്.
എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. താരത്തിന്റെ അധിക ജോലി ഭാരം കുറക്കാനായിരുന്നു മാനേജ്‌മെന്റ് തീരുമാനമെടുത്തത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബുംറ രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.
ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റാണ് ബുംറ രണ്ടാം ടെസ്റ്റില്‍ ഉണ്ടായേക്കുമെന്ന് വെളിപ്പെടുത്തിയത്. ബുംറ ഫിറ്റാണെന്നും രണ്ടാം ടെസ്റ്റിനുള്ള സെലഷന് ലഭ്യമാണെന്നും ഡോഷേറ്റ് പറഞ്ഞു. മാത്രമല്ല ബുംറയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കുന്നത് മാനേജ്‌മെന്റാണെന്നും ഡോഷേറ്റ് കൂട്ടിച്ചേര്‍ത്തു.
‘രണ്ടാം ടെസ്റ്റില്‍ അദ്ദേഹം ലഭ്യമാണ്. അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണം അദ്ദേഹം കളിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. കഴിഞ്ഞ ടെസ്റ്റില്‍ നിന്ന് സുഖം പ്രാപിക്കാന്‍ അദ്ദേഹത്തിന് എട്ട് ദിവസമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ജോലിഭാരം കണക്കിലെടുത്ത് അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ തീരുമാനമെടുത്തിട്ടില്ല. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ ബുംറ സെലഷന് ലഭ്യമാകും.
ബുംറ ഫിറ്റാണ്, രണ്ടാം ടെസ്റ്റ് കളിക്കാനും ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ പങ്കാളിത്തം വളരെ ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ഞങ്ങള്‍ തീരുമാനമെടുക്കും. പക്ഷേ പിച്ച് എങ്ങനെയാണ് എന്നത് പരിശോധിക്കുകയാണ് ഞങ്ങള്‍. അദ്ദേഹം പരിശീലനം നടത്തുകയും നെറ്റ്‌സില്‍ പന്തെറിയുകയും ചെയ്യുന്നു.
ബുംറ ഇല്ലാതെ പരമ്പര 1-1 ആക്കുകയോ 1-0 ല്‍ നിലനിര്‍ത്തുകയോ ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നു. ഒരു ഘട്ടത്തില്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തെ ആവശ്യമായി വരും. പക്ഷേ ഒരു ബൗളറെ മാത്രം ഉപയോഗിച്ച് പരമ്പര ജയിക്കാന്‍ കഴിയില്ല. മറ്റ് ബൗളര്‍മാര്‍ക്ക് അതിനെക്കുറിച്ച് അറിയാം, അവര്‍ വിക്കറ്റുകള്‍ എടുക്കേണ്ടതുണ്ട്,’ റയാന്‍ ടെന്‍ ഡോഷേറ്റ് പറഞ്ഞു.
Content Highlight: India VS England: Ryan Ten Doeschate confirming That Jasprit Bumrah Will Available for selection