| Sunday, 19th July 2026, 4:28 pm

മൂന്നാം മത്സരത്തില്‍ 400 അടിച്ച് രോഹിത്തും വിരാടും; ഇന്ത്യന്‍ ചരിത്രത്തില്‍ മറ്റാര്‍ക്കും സാധിക്കാത്തത്!

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരം ലോര്‍ഡ്‌സില്‍ നടക്കുകയാണ്. സീരീസ് ഡിസൈഡറില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നിലവില്‍ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. നിലവില്‍ മത്സരത്തില്‍ എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 48 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

അതേസമയം മത്സരത്തില്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രം. ഇന്ന് കളത്തിലിറങ്ങിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരങ്ങള്‍ക്ക് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി 400 മത്സരങ്ങളില്‍ ഒരുമിച്ച് കളിക്കുന്ന താരങ്ങളാകാനാണ് ഇരുവര്‍ക്കും സാധിച്ചത്. ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഒരുമിച്ച് കളിച്ച താരങ്ങളും ഇവരാണ്.

രോഹിത് ശര്‍മ & വിരാട് കോഹ്‌ലി

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ ഒരുമിച്ച് കളിച്ച താരങ്ങള്‍

(മത്സരം- താരങ്ങള്‍ എന്ന ക്രമത്തില്‍)

400 – രോഹിത് ശര്‍മ & വിരാട് കോഹ്‌ലി

391 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ & രാഹുല്‍ ദ്രാവിഡ്

369 – രാഹുല്‍ ദ്രാവിഡ് & സൗരവ് ഗാംഗുലി

367 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ & അനില്‍ കുംബ്ലെ

341 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ & സൗരവ് ഗാംഗുലി

മത്സരത്തില്‍ അടിമുടി മാറ്റം വരുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പുറത്തിരുത്തിയാണ് ഇന്ത്യ ഇലവന്‍ പ്രഖ്യാപിച്ചത്. ബുംറയ്ക്ക് പകരം പ്രിന്‍സ് യാദവാണ് ഇലവനില്‍ എത്തിയത്. മാത്രമല്ല ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരേയും പുറത്താക്കി. ദുബെയ്ക്ക് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലാണ് കളത്തിലിറങ്ങിയത്.

എന്നാല്‍ വാഷിങ്ടണ്‍ സുന്ദറിന് പകരം അര്‍ഷ്ദീപ് സിങ്ങാണ് ടീമില്‍ ഇടം നേടിയത്. നേരത്തെ ഹര്‍ഷ് ദുബെയ് വാഷിങ്ടണ്‍ സുന്ദറിന് പകരം കളത്തിലിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടും വിജയം നേടിയിരുന്നു. സീരീസ് ഡിസൈഡറില്‍ വിജയം മാത്രം ലക്ഷ്യം വെച്ചാണ് ഇരുവരും കളത്തിലിറങ്ങുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍) (ശിവം ദുബെയ്ക്ക് പകരം), അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് (വാഷിങ്ടണ്‍ സുന്ദറിന് പകരം), ഗുര്‍നൂര്‍ ബ്രാര്‍, പ്രിന്‍സ് യാദവ് (ജസ്പ്രീത് ബുംറ), പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ബെന്‍ ഡക്കറ്റ്, ജേക്കബ് ബേഥല്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, വില്‍ ജാക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ജോഷ് ടങ് (സാഖിബ് മഹ്‌മൂദിന് പകരം).

Content Highlight: India VS England: Rohit Sharma And Virat Kohli Complete 400 International Matches For India

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more