ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് മാഞ്ചസ്റ്ററില്‍ നടക്കുകയാണ്. നിര്‍ണായക ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് നേടിയത്. കെ.എല്‍. രാഹുല്‍ (98 പന്തില്‍ 46), യശസ്വി ജെയ്‌സ്വാള്‍ (107 പന്തില്‍ 58), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (23 പന്തില്‍ 12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.
എന്നാല്‍ ഇന്ത്യയുടെ അഗ്രസീവ് ബാറ്റര്‍ റിഷബ് പന്തിന്റെ പുറത്താകലാണ് ഇന്ത്യയ്ക്ക് ഏറെ നിരാശ സമ്മാനിച്ചത്. അഞ്ചാം നമ്പറില്‍ ക്രീസിലെത്തി സായ് സുദര്‍ശനൊപ്പം മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുക്കവെയാണ് പന്ത് റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയത്. ക്രിസ് വോക്‌സിന്റെ ഉഗ്രന്‍ യോര്‍ക്കറില്‍ റിവേഴ്‌സ് സ്വീപിന് ശ്രമിച്ച പന്തിന്റെ വലത് കാല്‍വിരലില്‍ പന്ത് തട്ടി വേദനകൊണ്ട് പുളഞ്ഞാണ് താരം കളം വിട്ടത്. ഇപ്പോള്‍ താരത്തിന്റെ പരിക്കിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ വലിയ തിരിച്ചടിയാണ് ഇന്ത്യയ്ക്ക് നല്‍കിയത്. പന്തിന്റെ കാല്‍വിരലിന് പൊട്ടലുണ്ടെന്നും ആറ് ആഴ്ചത്തോളം താരത്തിന് വിശ്രമം ആവശ്യമാണെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
48 പന്തില്‍ 37 റണ്‍സുമായി മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തവെയായിരുന്നു പന്തിന്റെ നിര്‍ഭാഗ്യകരമായ പുറത്താകല്‍. മധ്യ നിരയില്‍ ഇന്ത്യയെ താങ്ങി നിര്‍ത്തുന്ന റിഷബ് പന്ത് എതിരാളികളെ തകര്‍ത്തുകളയുന്ന ഇടിവെട്ട് ബാറ്റിങ്ങാണ് കാഴ്ചവെക്കാറുള്ളത്. സമ്മര്‍ദ ഘട്ടങ്ങളില്‍ പോലും അനായാസം സിക്‌സറുകള്‍ പറത്തുന്ന താരം നടക്കാന്‍ പോലും പറ്റാതെ വീങ്ങിതടിച്ച കാല്‍ വിരലുമായി മടങ്ങിയത് ഇന്ത്യന്‍ ക്യാമ്പില്‍ ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു.
മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി താരത്തിന്റെ പരിക്കിനെ കുറിച്ച് സംസാരിച്ചിരുന്നു. പരിക്ക് ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും ഐസ് വെക്കുന്നത് ശാശ്വതമാകില്ലെന്നും ശാസ്ത്രി എടുത്തു പറഞ്ഞു. മാത്രമല്ല പന്തിന്റെ കാലില്‍ പൊട്ടലുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാമെന്നും മുന്‍ പരിശീലകന്‍ എടുത്തുപറഞ്ഞു.
‘അവന്റെ മുഖം കണ്ടപ്പോള്‍ തന്നെ മനസിലാക്കാമായിരുന്നു ഇതൊരു മോശം അവസ്ഥയാണെന്ന്. അവന്‍ നന്നായി വേദന സഹിച്ചു. അത് വളരെ ഗുരുതരമാണെന്ന് തോന്നുന്നു. ഒറ്റരാത്രികൊണ്ട് അത് കൂടുതല്‍ വഷളാകാനേ സാധ്യതയുള്ളൂ. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എത്ര ഐസ് ഇട്ടാലും അത് ശരിക്കും വേദനാജനകമായിരിക്കും. രാത്രി മുഴുവന്‍ അവന്‍ അത് ഐസ് ചെയ്തുകൊണ്ടിരിക്കും. ഇത് ഒരു ഇടവേളയോ ഒരു പൊട്ടലോ ആകില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം,’ ശാസ്ത്രി സ്‌കൈ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
ശാസ്ത്രിക്ക് പുറമെ പരിശീലകന്‍ റിക്കി പോണ്ടിങ്ങും പന്തിന്റെ പരിക്കിനെക്കുറിച്ച് വിലയിരുത്തിയിരുന്നു. കാല് പെട്ടന്ന് വീങ്ങിയത് ആശങ്കാജനകമാണെന്നാണ് പോണ്ടിങ് പറഞ്ഞത്.
‘അവന് അത് ഒട്ടും താങ്ങാന്‍ സാധിച്ചില്ലെന്ന് തോന്നുന്നു. പൊട്ടലുണ്ടെങ്കില്‍ അവന്‍ കളിയില്‍ നിന്ന് പുറത്താകും. അങ്ങനെയാണെങ്കില്‍ അവനെ തിരികെ കൊണ്ടുവരുന്നത് വളരെ പ്രയാസകരമായിരിക്കും. അവന്‍ ഇനി റിവേഴ്‌സ് സ്വീപ്പുകള്‍ കളിക്കില്ലെന്ന് തോന്നുന്നു.
കളിയുടെ സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ ഷാര്‍ദുല്‍ മികച്ച പ്രകടനം കാഴ്ചവെച്ചു, പക്ഷെ റിഷബ് പന്ത് കളിക്കുന്ന രീതിയും ടീമിന് അവന്‍ നല്‍കുന്ന വേഗതയും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യക്ക് അവന്റെ നഷ്ടം വലുതായിരിക്കും. എതിര്‍ ടീമില്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയുന്ന ഒരാളാണ് പന്ത്. കാര്യങ്ങള്‍ ഗുരുതരമാകില്ലെന്ന് പ്രതീക്ഷിക്കാം. കളിയുടെ ശേഷിക്കുന്ന ഭാഗങ്ങളില്‍ പന്ത് പുറത്തായാല്‍ അത് ഇന്ത്യയുടെ സാധ്യതയ്ക്ക് വലിയ വിള്ളല്‍ വീഴ്ത്തും. ഈ മത്സരത്തില്‍ മാത്രമല്ല, പരമ്പരയുടെ ശേഷിക്കുന്ന ഭാഗങ്ങളിലും,’ പോണ്ടിങ് പറഞ്ഞു.
മാത്രമല്ല മുന്‍ താരം മൈക്കല്‍ ആര്‍തര്‍ടണും പന്തിന്റെ പരിക്ക് ഗുരുതരമാണെന്ന് പറഞ്ഞു. കളിയില്‍ നിന്നോ പരമ്പരയില്‍ നിന്നോ പന്ത് പുറത്തായാല്‍ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണെന്നും ബാറ്റിങ്ങില്‍ തിരിച്ചെത്തിയാല്‍ കളി മാറുമെന്നും മുന്‍ ഇംഗ്ലണ്ട് താരം ആര്‍തട്ടണ്‍ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയിക്കണെമെങ്കില്‍ ഓള്‍ഡ് ട്രഫോഡിലെ മത്സരത്തില്‍ ഇന്ത്യ തീര്‍ച്ചയായും വിജയിക്കണം. നേരത്തെ പരിക്കിന്റെ പിടിയിലായിരുന്ന ആകാശ് ദീപും അര്‍ഷ്ദീപ് സിങ്ങും നിതീഷ് കുമാര്‍ റെഡ്ഡിയും പുറത്തായതിന് പുറകെയാണ് പന്തിന്റെയും മടക്കം. സെക്കന്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ പന്തിന് പരക്കാരനായേക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാക് അപ് ഓപ്ഷന്‍ ഇഷാന്‍ കിഷന്‍ സ്‌ക്വാഡിലേക്കെത്താനും സാധ്യതയുണ്ട്.
പരമ്പരയില്‍ നിന്ന് ഇതുവരെ 462 റണ്‍സാണ് താരം നേടിയത്. രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണ് പന്ത് ഇംഗ്ലണ്ടിനെതിരെ ഫിയര്‍ലെസ് ക്രിക്കറ്റ് കളിച്ചത്. മാത്രമല്ല ഇംഗ്ലണ്ടില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും താരം സ്വന്തമാക്കിയിരുന്നു. പന്തിന്റെ പുറത്താകല്‍ ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് വലിയ വെല്ലുവിളി തന്നെയാണ് നല്‍കിയത്.
നിലവില്‍ 2-1ന് ഇംഗ്ലണ്ടാണ് പരമ്പരയില്‍ മുന്നില്‍ നില്‍ക്കുന്നത്. 1971ന് ശേഷം ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പര പോലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റന്‍മാരായ എം.എസ്. ധോണിക്കോ വിരാട് കോഹ്‌ലിക്കോ സാധിക്കാത്ത ഈ സ്വപ്ന നേട്ടത്തിലേക്ക് ഇന്ത്യയുടെ യുവ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് നടന്നടുക്കാന്‍ സാധിക്കുമോ എന്നത് വലിയ ചോദ്യ ചിഹ്നമാണ്. മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടാണ് വിജയിക്കുന്നതെങ്കില്‍ ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരിക. നിര്‍ണായക ടെസ്റ്റില്‍ വിജയസാധ്യത കുറഞ്ഞാല്‍ ഇന്ത്യക്ക് സമനിലക്കായി പൊരുതേണ്ടിയും വരും.
Content Highlight: India VS England: Rishabh Pant’s injury has created a big challenge for India