| Saturday, 5th July 2025, 7:08 pm

ഇംഗ്ലണ്ടുകാരുടെ തലമണ്ട ഇവന്‍ പൊളിക്കും; പന്തിന്റെ തൂക്കിയടിയില്‍ പിറന്നത് ചരിത്ര റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മത്സരത്തിലെ നാലാം ദിനം പുരോഗമിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 44 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സാണ് ഇന്ത്യ നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തും കാഴ്ചവെച്ച് ക്രീസില്‍ തുടരുന്നത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടിയാണ് കരുത്ത് തെളിയിച്ചത്. 54 റണ്‍സുമായി ഗില്ലും മൂന്ന് സിക്‌സര്‍ ഉള്‍പ്പെടെ 57 റണ്‍സുമായി പന്തുമാണ് ക്രീസിലുള്ളത്.

ക്രീസിലെത്തിയത് മുതല്‍ വെടിക്കെട്ട് പ്രകടനമാണ് പന്ത് കാഴ്ചവെച്ചത്. തന്റെ അഗ്രസീവ് സ്റ്റൈലില്‍ നിന്നും ഒരടി പിന്നോട്ട് പോവാതെ നേരിട്ട നാലം പന്തില്‍ സിക്‌സര്‍ പറത്തിയാണ് താരം തുടങ്ങിയത്. തുടരെ തുടരെ ബൗണ്ടറികളും സിക്‌സറുകളും നേടി ഇംഗ്ലണ്ട് ബൗളര്‍മാരെ പന്ത് ശരിക്കും സമ്മര്‍ദത്തിലാക്കി. മാത്രമല്ല ബിഗ് ഷോട്ടിന് ശ്രമിക്കുന്നതിനിടയില്‍ തന്റെ ബാറ്റ് തെറിച്ച് പോയി ഫീല്‍ഡില്‍ വീണതും കാണികളില്‍ ചിരി പടര്‍ത്തി. അതിനിടയില്‍ ധാരാളം ലൈഫ് ലൈനും പന്തിന് ലഭിച്ചിരുന്നു.

പന്തിന്റെ വെടിക്കെട്ട് പ്രകടനം വലിയ ആവേശം സൃഷ്ടിക്കുമ്പോള്‍ അതിലേറെ ആവേശമുണ്ടാക്കുന്ന ഒരു റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. ടെസ്റ്റില്‍ വിസിറ്റിങ് ബാറ്റര്‍ എന്ന നിലയില്‍ ഒരു രാജ്യത്തിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമാകാനാണ് പന്തിന് സാധിച്ചത്.

ടെസ്റ്റില്‍ വിസിറ്റിങ് ബാറ്റര്‍ എന്ന നിലയില്‍ ഒരു രാജ്യത്തിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, സിക്‌സ്, രാജ്യം

റിഷബ് പന്ത് (ഇന്ത്യ) – 23 – ഇംഗ്ലണ്ട്

ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്) – 21 – സൗത്ത് ആഫ്രിക്ക

മാത്യു ഹൈഡന്‍ (ഓസ്‌ട്രേലിയ) – 19 – ഇന്ത്യ

ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്) – 16 – ന്യൂസിലാന്‍ഡ്

22 പന്തില്‍ 28 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജെയ്സ്വാളിന്റെ വിക്കറ്റ് മൂന്നാം ദിനം തന്നെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. താരത്തെ ജോഷ് ടംഗാണ് പുറത്താക്കിയത്. നാലാം ദിനത്തില്‍ കരുണ്‍ നായരെ ഇന്ത്യയ്ക്ക് 26 റണ്‍സിനും നഷ്ടമായി. ബ്രൈഡന്‍ കാഴ്‌സാണ് താരത്തെ പുറത്താക്കിയത്. ഇത്യയ്ക്ക് വേണ്ടി മികച്ച തുടക്കം നല്‍കിയ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ 84 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടെ 55 റണ്‍സും നേടിയാണ് മടങ്ങിയത്. ടംഗാണ് രാഹുലിനേയും പുറത്താക്കിയത്.

നേരത്തെ ഇന്ത്യ നേടിയ 587 റണ്‍സ് മറികടക്കാനിറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്‌സില്‍ 407 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടാക്കിയിരുന്നു. ആതിഥേയര്‍ക്കായി ജെയ്മി സ്മിത്തും ഹാരി ബ്രൂക്കുമാണ് മിന്നും പ്രകടനം കാഴ്ച വെച്ചത്. സ്മിത് 207 പന്തില്‍ പുറത്താകാതെ 184 റണ്‍സെടുത്ത് ഇംഗ്ലണ്ടിന്റെ രക്ഷകനായി. ബ്രൂക്ക് 234 158 റണ്‍സ് നേടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് മുഹമ്മദ് സിറാജായിരുന്നു. ആറ് വിക്കറ്റ് നേടിയാണ് താരം മിന്നും പ്രകടനം നടത്തിയത്. 3.59 എക്കോണമിയില്‍ പന്തെറിഞ്ഞ സിറാജ് 70 റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്.

സാക്ക് ക്രോളി (19), ജോ റൂട്ട് (22), ബെന്‍ സ്റ്റോക്സ് (0), ബ്രൈഡന്‍ കാഴ്സ് (0), ജോഷ് ടംഗ് (0), ഷൊയിബ് ബഷീര്‍ (0) എന്നിവരെയാണ് സിറാജ് പുറത്താക്കിയത്. സിറാജിന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി ബാക്കി നാല് വിക്കറ്റുകളും സ്വന്തമാക്കിയത് ബുംറയ്ക്ക് പകരക്കാരനായി ടീമിലെത്തിയ ആകാശ് ദീപാണ്.

Content Highlight: India VS England: Rishabh Pant In Great Record Achievement In England Test

We use cookies to give you the best possible experience. Learn more