| Thursday, 24th July 2025, 3:19 pm

ഇത് തന്റെ ടീമാണെന്ന് കാണിക്കാന്‍ ആഗ്രഹിക്കുന്ന ക്യാപ്റ്റനാണ് ഗില്‍: റിക്കി പോണ്ടിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മാഞ്ചസ്റ്ററില്‍ നടക്കുകയാണ്. നിര്‍ണായക ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് നേടിയത്.

മാഞ്ചസ്റ്ററിലെ ആദ്യ ദിനം കെ.എല്‍. രാഹുല്‍ (98 പന്തില്‍ 46), യശസ്വി ജെയ്‌സ്വാള്‍ (107 പന്തില്‍ 58), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (23 പന്തില്‍ 12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. മാത്രമല്ല
ഇന്ത്യയുടെ അഗ്രസീവ് ബാറ്റര്‍ റിഷബ് പന്തിന്റെ പുറത്താകലാണ് ഇന്ത്യക്ക് ഏറെ നിരാശ സമ്മാനിച്ചത്.

48 പന്തില്‍ 37 റണ്‍സുമായി മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തവെയായിരുന്നു പന്തിന്റെ നിര്‍ഭാഗ്യകരമായ പുറത്താകല്‍. നിലവില്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പന്ത് മത്സരത്തില്‍ നിന്ന് പുറത്തായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ശുഭ്മന്‍ ഗില്‍ ഫോം മങ്ങിവരുന്നതും ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പരമ്പരയില്‍ ക്യാപ്റ്റനെന്ന നിലയില്‍ പലപ്പോഴും ഗില്ലിന്റെ അഗ്രഷന്‍ ആരാധകര്‍ക്ക് ആവേശമായിരുന്നു. ഇപ്പോള്‍ താരത്തിന്റെ അഗ്രഷനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്.

‘തന്റെ ടീമിനുവേണ്ടി നിലകൊള്ളുന്ന ക്യാപ്റ്റന്‍ ഇങ്ങനെയാണ്. ഇപ്പോള്‍ ഇത് തന്റെ ടീമാണെന്ന് കാണിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ക്യാപ്റ്റനാണ് ഗില്‍. തങ്ങള്‍ കളിക്കാന്‍ പോകുന്ന രീതി ഇതാണെന്നും പ്രകടമാണ്. എന്നാല്‍ അതില്‍ നിന്ന് ഇത്തിരി മാറുന്നത് നന്നാകും. അവന്‍ ടീമില്‍ തന്റെ മുദ്ര പതിപ്പിക്കാന്‍ തുടങ്ങുന്നത് ഇങ്ങനെയാണ്, വിരാട് കോഹ്‌ലി ചെയ്തതുപോലെ. രോഹിത് ഒരു കളിക്കാരനോടും അത്തരത്തില്‍ പെരുമാറിയിട്ടില്ല,’ റിക്കി പോണ്ടിങ് പറഞ്ഞു.

നിലവില്‍ 2-1ന് ഇംഗ്ലണ്ടാണ് പരമ്പരയില്‍ മുന്നില്‍ നില്‍ക്കുന്നത്. 1971ന് ശേഷം ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പര പോലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റന്‍മാരായ എം.എസ്. ധോണിക്കോ വിരാട് കോഹ്‌ലിക്കോ സാധിക്കാത്ത ഈ സ്വപ്ന നേട്ടത്തിലേക്ക് ഇന്ത്യയുടെ യുവ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് നടന്നടുക്കാന്‍ സാധിക്കുമോ എന്നത് വലിയ ചോദ്യ ചിഹ്നമാണ്. മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടാണ് വിജയിക്കുന്നതെങ്കില്‍ ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരിക. നിര്‍ണായക ടെസ്റ്റില്‍ വിജയസാധ്യത കുറഞ്ഞാല്‍ ഇന്ത്യക്ക് സമനിലക്കായി പൊരുതേണ്ടിയും വരും.

Content Highlight: India VS England: Rickey Ponting Talking About Shubhman Gill

We use cookies to give you the best possible experience. Learn more