ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ മൂന്നാം ദിനം ലോര്‍ഡ്‌സില്‍ പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 387 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ചെയ്തിരുന്നു. നിലവില്‍ തുടര്‍ ബാറ്റിങ്ങില്‍ 109 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സാണ് ഇന്ത്യ നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് 118 പന്തില്‍ 72 റണ്‍സ് നേടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ രവീന്ദ്ര ജഡേജയും 47 പന്തില്‍ 19 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറുമാണ്. മികച്ച ക്വാളിറ്റി ബാറ്റിങ് പുറത്തെടുത്ത ജഡേജ തന്റെ 25ാം ടെസ്റ്റ് അര്‍ധ സെഞ്ച്വറിയാണ് പൂര്‍ത്തിയാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് ലിസ്റ്റില്‍ ഇടം നേടാനും ജഡ്ഡുവിന് സാധിച്ചിരിക്കുകയാണ്.
ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ആറാം നമ്പറിലോ അതില്‍ താഴെയോ ഇറങ്ങി ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാകാനാണ് ജഡേജയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ താരം വി.വി.എസ്. ലക്ഷ്മണിനൊപ്പമെത്താനും താരത്തിന് സാധിച്ചു.
ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ആറാം നമ്പറിലോ അതില്‍ താഴെയോ ഇറങ്ങി ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരം, എണ്ണം എന്ന ക്രമത്തില്‍
എം.എസ്. ധോണി – 38
കപില്‍ ദേവ് – 35
രവീന്ദ്ര ജഡേജ – 28*
വി.വി.എസ്. ലക്ഷ്മണ്‍ – 28
91 പന്തില്‍ നിന്ന് 30 റണ്‍സ് നേടി ജഡേജയുമായി മികച്ച കൂട്ടുകെട്ട് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയേയാണ് ഇന്ത്യയ്ക്ക് അവസാനമായി നഷ്ടമായത്. മാത്രമല്ല 177 പന്തില്‍ 13 ഫോര്‍ ഉള്‍പ്പെടെ 100 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് കെ.എല്‍. രാഹുല്‍ മടങ്ങിയത്.
രാഹുലിന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് വൈസ് ക്യാപ്റ്റന്‍ റിഷബ് പന്താണ്. 112 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് താരം നേടിയത്. ബെന്‍ സ്റ്റോക്‌സിന്റെ ത്രോയില്‍ ഒരു റണ്‍ ഔട്ടിലാണ് താരം പുറത്തായത്.
മത്സരത്തിലെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെയും (13) കരുണ്‍ നായരേയും (40) ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും (16) ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്‌സ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് വേക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ഷൊയ്ബ് ബഷീര്‍ എന്നിവരാണ് വിക്കറ്റുകള്‍ നേടിയത്.
Content Highlight: India VS England: Ravindra Jadeja In Great Record Achievement In Test Cricket