ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റില്‍ 2 – 1ന് ഇംഗ്ലണ്ട് മുന്നിലെത്തുകയും ചെയ്തു. ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് നാലാം ടെസ്റ്റിനാണ്. ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.
മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷബ് പന്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം മത്സരത്തില്‍ പരിക്ക് പറ്റിയ റിഷബ് പന്ത് മാറി നില്‍ക്കുകയും സെക്കന്റ് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ കളത്തിലിറങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ പരിക്ക് മാറാതെയാണ് പന്ത് കളത്തിലിറങ്ങുന്നതെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും പന്തിന് വിശ്രമം നല്‍കുന്നതാണ് നല്ലതെന്നും ശാസ്ത്രി പറഞ്ഞു. ഐ.സി.സി റിവ്യൂവില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ പരിശീലകന്‍.
‘പന്തിന് ഫീല്‍ഡിലിറങ്ങേണ്ടി വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ഗ്ലൗസുകള്‍ ഇടുമ്പോള്‍ ഒരു പരിധിവരെ സംരക്ഷണം ലഭിക്കും. പക്ഷേ അവയില്ലാതെ, ഏത് ആഘാതവും പരിക്ക് കൂടുതല്‍ വഷളാക്കും. അവനെ കീപ്പര്‍ ആയും ബാറ്ററായും കളിപ്പിക്കുന്നു, അതില്‍ ഒന്ന് മാത്രം ചെയ്യാനും അവന് കഴിയില്ല.
കൈവിരലിന് ഒടിവുണ്ടെങ്കില്‍ വിശ്രമമാണ് ഏറ്റവും നല്ല മാര്‍ഗം. അതിനാല്‍ ഓവല്‍ ടെസ്റ്റിന് തയ്യാറെടുക്കേണം. അങ്ങനെയല്ലെങ്കില്‍ പന്തിന് സുഖം പ്രാപിക്കാന്‍ ഏകദേശം ഒമ്പത് ദിവസമുണ്ട്,’ ശാസ്ത്രി ഐ.സി.സിയോട് പറഞ്ഞു.
നിലിവില്‍ പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 425 റണ്‍സാണ് താരം നേടിയത്. രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണ് പന്ത് ഇംഗ്ലണ്ടിനെതിരെ ഫിയര്‍ലെസ് ക്രക്കറ്റ് കളിച്ചത്. പന്തിന്റെ കാര്യത്തിന് പുറമെ ജസ്പ്രീത് ബുംറയ നാലാം ടെസ്റ്റില്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കുല്‍ദീപ് യാദവും കളത്തിലിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്.
Content Highlight: India VS England: Ravi Shastri Talking About Rishabh Pant