| Thursday, 10th July 2025, 3:06 pm

ഗില്‍ക്രിസ്റ്റുമായി പന്തിനെ താരതമ്യം ചെയ്യുന്നത് ശരിയല്ല; തുറന്ന് പറഞ്ഞ് അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ക്രിക്കറ്റിന്റെ മക്കയായ ലോഡ്സാണ് പരമ്പരയിലെ മൂന്നാം മത്സരത്തിന് വേദിയാകുന്നത്. പരമ്പരിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരുവരും 1-1ന് ഒപ്പത്തിനൊപ്പമാണ്.

മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ബുംറ മടങ്ങിയെത്തുമ്പോള്‍ ഇംഗ്ലണ്ട് നിരയിലേക്ക് ജോഫ്രാ ആര്‍ച്ചറും തിരികെയെത്തുന്നുണ്ട്. മാത്രമല്ല രണ്ടാം ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ലോഡ്‌സില്‍ പൊരുതാനിറങ്ങുന്നത്.

ഇപ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ഓസീസ് ക്രിക്കറ്റ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനെയുമായി റിഷബ് പന്തിനെ താരതമ്യം ചെയ്യുന്നത് ഒരിക്കലും കൃത്യമല്ലെന്നാണ് അശ്വിന്‍ പറഞ്ഞത്. പന്തിനെപ്പോലെ ശക്തമായ പ്രതിരോധം ഗില്‍ക്രിസ്റ്റിനില്ലെന്നും ഗില്‍ക്രിസ്റ്റിനെ പോലെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററുമായി മാത്രമല്ല ലോകത്തിലെ മികച്ച മുന്‍ നിര ബാറ്റര്‍മാരുമായി പന്തിനെ താരതമ്യപ്പെടുത്താമെന്നും സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

‘റിഷബ് പന്ത് മികച്ച ക്രിക്കറ്ററാണ്. ആളുകള്‍ അവനെ ആദം ഗില്‍ക്രിസ്റ്റുമായി താരതമ്യപ്പെടുത്തുന്നു. പക്ഷെ അത് ഒരിക്കലും കൃത്യമല്ല. പന്തിനെപ്പോലെ ശക്തമായ പ്രതിരോധം ഗില്‍ക്രിസ്റ്റിനില്ല. ഗില്‍ക്രിസ്റ്റിനെ പോലെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററുമായി മാത്രമല്ല, ലോകത്തിലെ മികച്ച മുന്‍ നിര ബാറ്റര്‍മാരുമായി പന്തിനെ താരതമ്യപ്പെടുത്താം. അവന് വ്യത്യസ്തമായ ശൈലിയുണ്ട്, കളിയില്‍ അവന്‍ കൊണ്ടുവരുന്ന പുതിയ കാര്യങ്ങള്‍ അംഗീകരിക്കണം,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടി 252 റണ്‍സാണ് സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റില്‍ 90 റണ്‍സും പന്ത് കൂട്ടിച്ചേര്‍ത്തു. കൂടാതെ ടെസ്റ്റ് ഫോര്‍മാറ്റില്‍ പന്ത് 79 ഇന്നിങ്‌സില്‍ നിന്ന് 3290 റണ്‍സാണ് നേടിയത്. 44.46 എന്ന മിന്നും ആവറേജില്‍ ബാറ്റ് ചെയ്ത താരത്തിന് എട്ട് സെഞ്ച്വറികളും 16 അര്‍ധ സെഞ്ച്വറികളുമുണ്ട്.

മാത്രമല്ല ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയിലും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ മിന്നും പ്രകടനത്തിലുമാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയത്. 336 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു രണ്ടാം ടെസ്റ്റില്‍ ഇന്ത്യ നേടിയത്. മൂന്നാം ടെസ്റ്റില്‍ ബുംറ കൂടെ കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നത് ഉറപ്പാണ്.

Content Highlight: India VS England: R. Ashwin Talking About Rishabh Pant And Adam Gilchrist

Latest Stories

We use cookies to give you the best possible experience. Learn more