| Monday, 30th June 2025, 7:57 am

സത്യം പറഞ്ഞാല്‍ എന്റെ ലൈനും ലെങ്തും മിക്ക സമയത്തും നഷ്ടമായി; രണ്ടാം ടെസ്റ്റിന് മുന്നോടിയായി പ്രസിദ്ധ് കൃഷ്ണ

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്. ഇതോടെ ഇരു ടീമുകളും വലിയ തയ്യാറെടുപ്പിലാണ്.

രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ തന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചില്ലെന്നും മെയ്ഡന്‍ ഓവര്‍ ചെയ്യുന്നതാണ് ലക്ഷ്യമെന്നും, എന്നാല്‍ ലൈനും ലെങ്തും നഷ്ടപ്പെട്ടപ്പോള്‍ റണ്‍സ് വഴങ്ങേണ്ടിവന്നെന്നും പ്രസിദ്ധ് പറഞ്ഞു. മാത്രമല്ല രണ്ടാം ടെസ്റ്റില്‍ തന്റെ പ്രധാന ലക്ഷ്യം മികച്ച എക്കോണമി റേറ്റില്‍ ബൗള്‍ ചെയ്യുന്നതാണെന്നും കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്നും താരം പറഞ്ഞു.

‘ഞാന്‍ എപ്പോഴൊക്കെ പന്തെറിഞ്ഞാലും എന്റെ പ്രധാന ലക്ഷ്യം മെയ്ഡന്‍ ഓവര്‍ നല്‍കുക എന്നതാണ്. ബൗണ്ടറികള്‍ വഴങ്ങുന്നത് ഒഴിവാക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഹെഡിങ്‌ലിയിലെ ഔട്ട്ഫീല്‍ഡ് അല്‍പം വേഗതയേറിയതായിരുന്നു. സത്യം പറഞ്ഞാല്‍ എന്റെ ലൈനും ലെങ്തും മിക്ക സമയത്തും നഷ്ടമായി. അത് ബാറ്റര്‍മാര്‍ക്ക് മുതലെടുക്കാന്‍ സാധിച്ചു. ഞാന്‍ റണ്‍സ് വിട്ടുകൊടുത്തു.

പ്രകടനത്തെക്കുറിച്ച് ഞാന്‍ ചിലരുമായി ചര്‍ച്ചകള്‍ നടത്തി. എന്റെ കഴിവിന്റെ പരമാവധി എന്റെ എക്കോണമി നിരക്ക് മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു. അതെനിക്ക് കൃത്യമായി ചെയ്യേണ്ടതുണ്ട്. മറ്റാരേയും കുറ്റപ്പെടുത്താന്‍ എനിക്ക് കഴിയില്ല, മെച്ചപ്പെടുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. അതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാത്രമല്ല കൂടുതല്‍ ശക്തനായി തിരിച്ചുവരാന്‍ ഞാന്‍ കഠിനമായി പരിശ്രമിക്കും,’ പ്രസിദ്ധ് കൃഷ്ണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 20 ഓവര്‍ എറിഞ്ഞ പ്രസിദ്ധ് കൃഷ്ണ 128 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് നേടിയത്. 6.40 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ് പ്രകടനം. രണ്ടാം ഇന്നിങ്‌സില്‍ 15 ഓവര്‍ എറിഞ്ഞ പ്രസിദ്ധ് 92 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയിരുന്നു. 6.13 എന്ന എക്കോണമി റേറ്റിലായിരുന്നു താരം ബോളെറിഞ്ഞത്.

മാത്രമല്ല ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയില്ലാതെ കളത്തിലിറങ്ങുന്ന ഇന്ത്യയ്ക്ക് രണ്ടാം മത്സരം നിര്‍ണായകമാണ്. ഇതോടെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും കാര്യങ്ങള്‍ എളുപ്പമാകില്ല. ആദ്യ ടെസ്റ്റിലെ പിഴവുകള്‍ തിരുത്തി ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: India VS England: Prasid Krishna Talking About His Poor Performance In First Test

We use cookies to give you the best possible experience. Learn more