| Thursday, 6th February 2025, 5:25 pm

കൊടുങ്കാറ്റായി ജഡേജ ഇടിമിന്നലായി റാണ; ഇംഗ്ലണ്ടിനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനം വിദര്‍ഭ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് 47.4 ഓവറില്‍ 248 റണ്‍സിന് ഇന്ത്യ ഇംഗ്ലണ്ടിനെ ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് രവീന്ദ്ര ജഡേജയും യുവ താരം ഹര്‍ഷിത് റാണയുമാണ്. ഇരുവരും മൂന്ന് വിക്കറ്റ് വീതമാണ് നേടിയത്.

ജഡേജ ഒരു മെയ്ഡന്‍ അടക്കം ഒമ്പത് ഓവര്‍ എറിഞ്ഞ് 26 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്. റാണ ഏഴ് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 53 റണ്‍സ് വഴങ്ങിയാണ് വിക്കറ്റ് നേടിയത്.

മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഓരോവിക്കറ്റും നേടാന്‍ സാധിച്ചു. ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തത് ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ജേക്കബ് ബേഥലുമാണ്. അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയാണ് ഇരുവരും മികവ് പുലര്‍ത്തിയത്.

ബട്‌ലര്‍ 67 പന്തില്‍ നിന്ന് നാല് ഫോര്‍ അടക്കം 52 റണ്‍സ് നേടിയപ്പോള്‍ ജേക്കബ് 54 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 51 റണ്‍സും നേടി. ഇരുവര്‍ക്കും പുറമെ മികവ് പുലര്‍ത്തിയത് ഓപ്പണര്‍ ഫില്‍ സോള്‍ട്ടും (26 പന്തില്‍ 43), ബെന്‍ ഡക്കറ്റുമാണ് (29 പന്തില്‍ നിന്ന് 32).

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജോ റൂട്ട് 19 റണ്‍സിനാണ് കളം വിട്ടത്. ജഡേജയാണ് താരത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. അവസാന ഘട്ടത്തില്‍ പോസര്‍ ജോഫ്രാ ആര്‍ച്ചര്‍ 18 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 21 റണ്‍സാണ് പുറത്താകാതെ താരം നേടിയത്.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനെ ആക്രമിച്ച് കളിക്കാന്‍ തന്നായാകും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന്റെയും ലക്ഷ്യം. ടി-20 പരമ്പര സ്വന്തമാക്കിയതോടെ എന്ത് വില നല്‍കിയും ഇന്ത്യ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജേകബ് ബേഥല്‍, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹ്‌മൂദ്.

Content Highlight: India VS England ODI Match Update

We use cookies to give you the best possible experience. Learn more