| Wednesday, 25th June 2025, 12:51 pm

'ഡബിള്‍' സെഞ്ച്വറിയുണ്ടായിട്ടും നിര്‍ഭാഗ്യത്തിന്റെ റെക്കോഡില്‍ ഇവന്‍ ഒന്നാമന്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ലീഡ്‌സില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചത്. 84 പന്തുകള്‍ അവശേഷിക്കേയാണ് ത്രീ ലയണ്‍സ് തങ്ങളുടെ വിജയം ഉറപ്പിച്ചത്. ബെന്‍ ഡക്കറ്റാണ് കളിയിലെ താരം.

സ്‌കോര്‍

ഇന്ത്യ – 471 & 364

ഇംഗ്ലണ്ട് – 465 & 373/5

ടാര്‍ഗറ്റ് – 371

രണ്ട് ഇന്നിങ്‌സിലും ഇന്ത്യയുടെ മോശം ഫീല്‍ഡിങ്ങും ലോവര്‍ ഓര്‍ഡര്‍ ബാറ്റിങ്ങും തോല്‍വിയുടെ കാരണമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ തന്നെ ആറ് ക്യാച്ചുകളാണ് ഇന്ത്യ പാഴാക്കിയത്. അതില്‍ മൂന്ന് ക്യാച്ചുകളും ബുംറയുടെ പന്തില്‍ ജെയ്‌സ്വാളായിരുന്നു വിട്ടുകളഞ്ഞത്. ബാറ്റിങ്ങില്‍ പന്തിന് ശേഷം ഷര്‍ദല്‍ താക്കൂറിനും മറ്റ് താരങ്ങള്‍ക്കും മികവ് പുലര്‍ത്താന്‍ സാധിക്കാത്തതും ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. മാത്രമല്ല രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് സെഞ്ച്വറികളുണ്ടായിരുന്നിട്ടും ഇന്ത്യയ്ക്ക് പരാജയപ്പെടേണ്ടി വന്നിരിക്കുകയാണ്.

അതില്‍ രണ്ട് സെഞ്ച്വറികള്‍ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്താണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ പന്ത് 134 (178) റണ്‍സാണ് സ്വന്തമാക്കിയത്. ആറ് സിക്‌സും 12 ഫോറും ഉള്‍പ്പെടെയാണ് പന്ത് തന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സിലും താരം സെഞ്ച്വറിയടിച്ച് കരുത്ത് തെളിയിച്ചു. 140 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 15 ഫോറും ഉള്‍പ്പെടെ 118 റണ്‍സാണ് താരം നേടിയത്. ഇതോടെ ഒരു ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാകാനും താരത്തിന് സാധിച്ചു.

എന്നിരുന്നാലും ത്രീ ലയണ്‍സിനെതിരെയുള്ള പന്തിന്റെ സെഞ്ച്വറി ആരും ആഗ്രഹിക്കാത്ത റെക്കോഡിലേക്കാണ് എത്തിച്ചത്. പരാജയപ്പെട്ട സേന ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡിലാണ് പന്തിന് എത്താന്‍ സാധിച്ചത്.

പരാജയപ്പെട്ട സേന ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം

റിഷബ് പന്ത് – 5

വരാട് കോഹ്‌ലി – 3

കെ.എല്‍. രാഹുല്‍ – 3

രവീന്ദ്ര ജഡേജ – 1

യശസ്വി ജെയ്‌സ്വാള്‍ – 1

നിതീഷ് കുമാര്‍ റെഡ്ഡി – 1

ചേതേശ്വര്‍ പൂജാര – 1

ശുഭ്മന്‍ ഗില്‍ – 1

നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ 371 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ മിന്നും സെഞ്ച്വറി പ്രകടനത്തിലാണ് വിജയതീരത്ത് എത്തിയത്. 170 പന്തില്‍ നിന്ന് 21 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 149 റണ്‍സാണ് താരം നേടിയത്.

സാക്ക് ക്രോളി 65 റണ്‍സും നേടിയിരുന്നു. തുടര്‍ന്ന് ജോ റൂട്ടിന്റെയും ജയ്മി സ്മിത്തിന്റെയും മികവിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. റൂട്ട് 53* റണ്‍സും സ്മിത് 44* റണ്‍സുമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണയും ഷര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റുകള്‍ നേടി.

Content Highlight: India VS England: Most SENA Test Hundreds in Losing Games

We use cookies to give you the best possible experience. Learn more