ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം മത്സരം ലോര്‍ഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 192 റണ്‍സിന് ഓള്‍ ഔട്ട് ചെയ്ത ഇന്ത്യ വിജയം ലക്ഷ്യമാക്കിയാണ് കുതിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനോ ഇന്ത്യയ്‌ക്കോ ലീഡ് നേടാന്‍ സാധിച്ചിരുന്നില്ല.
രണ്ടാം ഇന്നിങ്സില്‍ തുടര്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സാണ് നേടിയത്. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് 33 റണ്‍സ് നേടിയ കെ.എല്‍ രാഹുലാണ്. മൂന്നാം ടെസ്റ്റില്‍ വിജയം നേടാനും പരമ്പരയില്‍ ആധിപത്യം പുലര്‍ത്താനും ഇന്ത്യയ്ക്ക് ഇനി വേണ്ടത് 135 റണ്‍സ് മാത്രമാണ്.
മത്സരത്തിലെ നാലാം ദിനം ഇംഗ്ലണ്ടിനെതിരെ ആറാം ഓവറിന് എത്തിയ മുഹമ്മദ് സിറാജ് ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കിയിരുന്നു. ജസ്പ്രീത് ബുംറയുടെ കയ്യിലെത്തിയായിരുന്നു ഡക്കറ്റ് പുറത്തായത്. അതോടെ ഡക്കറ്റിനെതിരെ വലിയ വിജയാഘോഷമായിരുന്നു സിറാജ് കാഴ്ചവെച്ചത്.
താരത്തിന്റെ അതിരുവിട്ട അഗ്രസീവ് ആഘോഷ പ്രകടനമാണ് ഇപ്പോള്‍ വിനയായതും. ഇതോടെ ഫീല്‍ഡ് അമ്പയര്‍ സിറാജിനെതിരെ പിഴ ചുമത്തി ശിക്ഷിച്ചിരിക്കുകയാണ്. മാച്ച് ഫീയുടെ 15 ശതമാനമാണ് താരം പിഴയടക്കേണ്ടത്. മാത്രമല്ല ഒരു ഡി മെറിറ്റ് പോയിന്റും താരം ഏറ്റുവാങ്ങിയിരിക്കുകയാണ്.
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെതിരെ 13 ഓവര്‍ എറിഞ്ഞ സിറാജ് രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് നേടിയത്. 2.38 എന്ന എക്കോണമിയിലാണ് സിറാജ് ബോള്‍ എറിഞ്ഞത്.
നാല് വിക്കറ്റ് നേടിയ വാഷിങ്ടണ്‍ സുന്ദറിന്റെ കരുത്തിലാണ് നാലാം ദിവസം തന്നെ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ജെയ്മി സ്മിത്, ഷോയബ് ബഷീര്‍ എന്നിവരുടെ വിക്കറ്റുകളാണ് സുന്ദര്‍ പിഴുതെറിഞ്ഞത്. സിറാജിന് പുറമെ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആകാശ് ദീപും നിതീഷ് കുമാര്‍ റെഡ്ഡിയും ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കി.
അതേസമയം മത്സരത്തിലെ നാലാം ദിവസം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത് യശസ്വി ജെയ്സ്വാളിനെയാണ്. പൂജ്യം റണ്‍സിന് ജോഫ്ര ആര്‍ച്ചറാണ് താരത്തെ പുറത്താക്കിയത്. കരുണ്‍ നായര്‍ 14 റണ്‍സിനും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആറ് റണ്‍സിനും പുറത്തായത് വലിയ തരിച്ചടിയായിരുന്നു. ബ്രൈഡന്‍ കാഴ്സിക്കാണ് ഇരുവരുടേയും വിക്കറ്റ്. ശേഷം ഇറങ്ങിയ ആകാശ് ദീപിനെ ഒരു റണ്‍സിന് ബെന്‍ സ്റ്റോക്സും മടക്കിയയച്ചു.
Content Highlight: India VS England: Mohammad Siraj Punished In the ICC Code of Conduct