| Saturday, 7th June 2025, 4:49 pm

ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ഇറങ്ങണം, ടി-20യിലും ഏകദിനത്തിലും ഇന്ത്യയ്ക്കായി അവന്‍ ഓപ്പണറാകും: മൈക്കല്‍ ക്ലാര്‍ക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ ആവേശം കെട്ടടങ്ങിയതോടെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കാണ്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ & ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്ന് പുനര്‍ നാമകരണം ചെയ്ത പരമ്പയ്ക്ക് വേണ്ടി വമ്പന്‍ തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. പരമ്പരയില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം പിടിച്ച യുവ താരമാണ് സായി സുദര്‍ശന്‍. ഐ.പി.എല്‍ 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി അമ്പരപ്പിക്കുന്ന പ്രകടനമാണ് താരം നടത്തിയത്. മാത്രമല്ല സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും സായി തന്നെയായിരുന്നു (759) മാത്രമല്ല ഒട്ടനവധി റെക്കോഡുകളും താരം നേടിയിരുന്നു.

ടെസ്റ്റ് ടീമിന്റെ ഭാഗമായ സായിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ ക്ലാര്‍ക്ക്. സായിയെ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ക്ലാര്‍ക്ക് വിശേഷിപ്പിച്ചത്. മാത്രമല്ല മൂന്നാം നമ്പറില്‍ കളിക്കാന്‍ സായി യോഗ്യനാണെന്നും  കാലക്രമേണ ഇന്ത്യയ്ക്ക് വേണ്ടി സായി ടി-20യിലും ഏകദിനത്തിലും ഓപ്പണ്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും മുന്‍ ഇംഗ്ലണ്ട് താരം കൂട്ടിച്ചേര്‍ത്തു.

‘എന്റെ കാഴ്ചപ്പാടില്‍, ഈ കുട്ടി ഒരു സൂപ്പര്‍സ്റ്റാറാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ അവന് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാലക്രമേണ, അവന്‍ ടി-20യിലും ഏകദിനത്തിലും ഇന്ത്യയ്ക്കായി ബാറ്റിങ് ഓപ്പണ്‍ ചെയ്യാന്‍ സാധ്യതയുണ്ട്. അവന്‍ അവരുടെ ടെസ്റ്റ് ടീമിന്റെ ഭാഗമാണ്, ഇംഗ്ലണ്ടിലാണ് അവന് ആദ്യ അവസരം ലഭിക്കുക.

മൂന്നാം നമ്പറില്‍ നേരിട്ട് ബാറ്റ് ചെയ്യാന്‍ അവന്‍ തയ്യാറാണ്. ടെക്‌നിക്കലായി പറഞ്ഞാല്‍ അസാധാരണമായ പ്രകടനമാണ് അവന്റേത്, എല്ലാ ഷോട്ടുകളും അവന്‍ ഉപയോഗിക്കുന്നുണ്ട്. മാനസികമായി തയ്യാറുമാണ്. അവന്‍ എന്നെ ശരിക്കും ആകര്‍ഷിച്ചു, ഒരു സ്‌റ്റൈലിഷ് കളിക്കാരനാണ് സായി,’ മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സി, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്‌

Content Highlight: INDIA VS ENGLAND: Michael Clarke Talking About Sai Sudarshan

We use cookies to give you the best possible experience. Learn more