ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ദി ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്.
തുടര്‍ച്ചയായ 15ാം തവണയാണ് ഇന്ത്യക്ക് ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ടോസ് നഷ്ടപ്പെടുന്നത്.
നിലവില്‍ 41 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സാണ് ഇന്ത്യ നേടിയത്. ഇപ്പോള്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന് മുന്നറിയിപ്പ് നല്‍കി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ ആതര്‍ട്ടണ്‍. ഗംഭീറിന് കീഴില്‍ ന്യൂസിലാന്‍ഡിനെതിരെയും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീസിനെതിരെയും ഇന്ത്യ തുടര്‍ച്ചയായി രണ്ട് ടെസ്റ്റ് പരമ്പരകള്‍ പരാജയപ്പെട്ടിരുന്നു.
ഓവലില്‍ ഇന്ത്യ പരാജയപ്പെടുകയാണെങ്കില്‍ പരിശീലകനെന്ന നിലയില്‍ ഗംഭീര്‍ സമ്മര്‍ദത്തിലാകുമെന്നാണ് ആതര്‍ട്ടണ്‍ പറഞ്ഞത്. ഇന്ത്യയുടെ ആള്‍ബലം നോക്കുമ്പോള്‍ എല്ലാ മത്സരങ്ങളും അവര്‍ വിജയിക്കുമെന്ന് തോന്നുമെങ്കിലും തോല്‍വികള്‍ ടീമിന് പ്രശ്‌നമാണെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘അവര്‍ തുടര്‍ച്ചയായി രണ്ട് ടെസ്റ്റ് പരമ്പരകള്‍ തോറ്റു. ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ വിജയിച്ചു, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയ രോഹിത് ശര്‍മയുടെ ടീമിനെയും പരാജയപ്പെടുത്തി. ഈ പരമ്പര തോറ്റാല്‍ പരിശീലകന്‍ എന്ന നിലയില്‍ ഗംഭീര്‍ സമ്മര്‍ദത്തിലാകും.
ഇന്ത്യക്ക് എല്ലാ തരം കളിക്കാരുമുണ്ട്. അവരുടെ ആള്‍ബലം കണക്കിലെടുക്കുമ്പോള്‍ എല്ലാ മത്സരങ്ങളും അവര്‍ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ തുടര്‍ച്ചയായി മൂന്ന് ടെസ്റ്റ് പരമ്പര തോല്‍വികള്‍ അദ്ദേഹത്തിന് ഒരു പ്രശ്‌നമായിരിക്കും,’ മൈക്കല്‍ ആതര്‍ട്ടണ്‍ സ്‌കൈ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
അതേസമയം ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ (രണ്ട് റണ്‍സ്), കെ.എല്‍. രാഹുല്‍ (14 റണ്‍സ്), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (21 റണ്‍സ്), സായ് സുദര്‍ശന്‍ (38 റണ്‍സ്), രവീന്ദ്ര ജഡേജ (9 റണ്‍സ്) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. നിലവില്‍ ക്രീസിലുള്ളത് കരുണ്‍ നായരും (12), ധ്രുവ് ജുറേലുമാണ് (3).