| Saturday, 4th July 2026, 7:47 pm

ചരിത്രം തിരുത്തി, സിക്‌സും അടിച്ചു; പക്ഷെ ത്രില്ലടിപ്പിക്കാതെ വൈഭവിന് മടക്കം!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി-20 മത്സരത്തില്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സാണ് ഇന്ത്യ നേടിയത്.

15ാം വയസില്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച യുവ താരം വൈഭവ് സൂര്യവംശിയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. വില്‍ ജാക്‌സിന്റെ പന്തില്‍ സ്‌റ്റെപ് ഔട്ട് ചെയ്ത് ബിഗ് ഹിറ്റിന് ശ്രമിച്ചപ്പോള്‍ ജോസ് ബട്‌ലര്‍ സ്റ്റംപ്ഡ് ചെയ്യുകയായിരുന്നു താരത്തെ. 10 പന്തില്‍ രണ്ട് സിക്‌സ് ഉള്‍പ്പെടെ 14 റണ്‍സ് നേടിയാണ് താരം പുറത്തായത്. അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ താരം ആദ്യ സിക്‌സര്‍ പറത്തിയത് അറ്റാക്കിങ് ബൗളര്‍ ജോഫ്ര ആര്‍ച്ചറിനെയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് വൈഭവ് മടങ്ങിയത്.

തുടര്‍ന്ന് മികച്ച ഫോമിലായിരുന്ന അഭിഷേക് ശര്‍മയെയും ഇന്ത്യയ്ക്ക് നഷ്ടമായി. ആറാം ഓവറിലെ അവസാന പന്തില്‍ സാം കറന്റെ പന്തിലാണ് താരം മടങ്ങിയത്. 24 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 43 റണ്‍സ് നേടിയാണ് അഭിഷേക് കൂടാരം കയറിയത്.

അതേസമയം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ മാറ്റി നിര്‍ത്തിയാണ് വൈഭവിന് അവസരം നല്‍കിയത്. കഴിഞ്ഞ മത്സരങ്ങളില്‍ തുടര്‍ച്ചയായി റണ്‍സ് കണ്ടെത്താന്‍ സഞ്ജു ബുദ്ധിമുട്ടിയിരുന്നു.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, ജോസ് ബട്ലര്‍, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്സ്, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ജോഷ് ടങ്

ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍

വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അകസര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.

Content Highlight: India VS England Match Update

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more