| Thursday, 19th June 2025, 8:12 pm

ഗംഭീര ബൗണ്‍സറാണ് വാരിയെല്ലിന് കിട്ടിയത്; ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. നാളെ (വെള്ളി) ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.

മലയാളി സൂപ്പര്‍ താരം കരുണ്‍ നായര്‍ക്ക് പരിശീലനത്തിനിടയില്‍ പരിക്ക് സംഭവിച്ചിരിക്കുകയാണ്. പ്രസിദ് കൃഷ്ണയുടെ ബൗണ്‍സറില്‍ കരുണിന്റെ വാരിയെല്ലിനാണ് പരിക്ക് സംഭവിച്ചത്. ആദ്യ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കരുണിന്റെ പരിക്ക് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

മാത്രമല്ല ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ പ്രധാന ശക്തികളിലൊന്നായ ജസ്പ്രീത് ബുംറ ടീമിന് വേണ്ടി മൂന്ന് ടെസ്റ്റില്‍ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ കരുണിന്റെ പരിക്കും ഇന്ത്യയ്ക്ക് ഏറെ വെല്ലുവിളിയായിരിക്കുകയാണ്.

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. 2017ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് കരുണ്‍ നായര്‍ അവസാനമായി ടീമില്‍ കളിച്ചത്. 2016ല്‍ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരം കൂടിയാണ് കരുണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ വീരേന്ദര്‍ സെവാഗിന് ശേഷം ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം കരുണിന് സ്വന്തമാക്കാന്‍ സാധിച്ചിരുന്നു.

സമീപകാലങ്ങളില്‍ ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് കരുണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടിരിക്കുന്നത്. 2025ലെ രഞ്ജി ട്രോഫിയിലെ വിദര്‍ഭയുടെ കിരീട നേട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച താരമാണ് കരുണ്‍. 16 ഇന്നിങ്‌സില്‍ നിന്നും 53.9 എന്ന മികച്ച ആവറേജില്‍ 863 റണ്‍സാണ് കരുണ്‍ അടിച്ചെടുത്തത്.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സി, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്

Content Highlight: India VS England: Karun Nair injured during training

We use cookies to give you the best possible experience. Learn more