ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ മൂന്നാം ദിനം ലോര്‍ഡ്‌സില്‍ പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 387 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ചെയ്തിരുന്നു. നിലവില്‍ 89 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് തുടര്‍ ബാറ്റിങ്ങില്‍ ഇന്ത്യ നേടിയത്.
നിലവില്‍ ഇന്ത്യക്ക് വേണ്ടി ക്രീസില്‍ തുടരുന്ന രവീന്ദ്ര ജഡേജ 63 പന്തില്‍ 37 റണ്‍സും 72 പന്തില്‍ 37 റണ്‍സുമാണ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയുമാണ്.
അവസാനമായി ഇന്ത്യയ്ക്ക് നഷ്ടമായത് ഓപ്പണര്‍ കെ.എല്‍ രാഹുലിനെയാണ്. 67ാം ഓവറിലെ ആദ്യ പന്തില്‍ ഷൊയ്ബ് ബഷീര്‍ ഹാരി ബ്രൂക്കിന്റെ കയ്യിലെത്തിച്ചാണ് രാഹുലിനെ മടക്കിയയച്ചത്. 177 പന്തില്‍ 13 ഫോര്‍ ഉള്‍പ്പെടെ 100 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് താരം കളം വിട്ടത്. ലോര്‍ഡ്‌സില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്. തന്റെ 10ാം സെഞ്ച്വറി പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചു.
ഇതിനെല്ലാം പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും രാഹുലിന് സാധിച്ചിരിക്കുകയാണ്. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ രാഹുല്‍ നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയാണിത്. 2021ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു താരം ഇതിന് മുമ്പ് സെഞ്ച്വറി നേടിയത്. ഇതോടെ ലോര്‍ഡ്‌സില്‍ നടക്കുന്ന ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനാണ് രാഹുലിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്നിലുള്ളത് മുന്‍ താരം ദിലീപ് വെങ്കസ്‌കറാണ്. മൂന്ന് സെഞ്ച്വറികളാണ് താരം ലോര്‍ഡ്‌സില്‍ നേടിയത്.
ദിലീപ് വെങ്‌സാകര്‍ – 103 (1979), 157 (1982), 126* (1986)
കെ.എല്‍ രാഹുല്‍ – 129 (2021), 100 (2025)
വിനോദ് മങ്കാദ് – 184 (1952)
ഗുണ്ടപ്പ വിശ്വനാഥ് – 113 (1979)
രവി ശാസ്ത്രി – 100 (1990)
മുഹമ്മദ് അസറുദ്ദീന്‍ – 121 (1990)
സൗരവ് ഗാംഗുലി – 131 (1996)
അജിത് അഗാക്കര്‍ – 109* (2002)
രാഹുല്‍ ദ്രാവിഡ് – 103* (2011)
അജിന്‍ക്യ രഹാനെ – 103 (2014)
രാഹുലിന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് വൈസ് ക്യാപ്റ്റന്‍ റിഷബ് പന്താണ്. 112 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് താരം നേടിയത്. ബെന്‍ സ്റ്റോക്‌സിന്റെ ത്രോയില്‍ ഒരു റണ്‍ ഔട്ടിലാണ് താരം പുറത്തായത്.
മത്സരത്തിലെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെയും (13) കരുണ്‍ നായരേയും (40) ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും (16) ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വേക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, ഷൊയ്ബ് ബഷീര്‍ എന്നിവരാണ് വിക്കറ്റുകള്‍ നേടിയത്.
Content Highlight: India VS England: K.L Rahul In Great Record Achievement In Test Cricket