ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്‌ലിയില്‍ നടക്കുകയാണ്. മത്സരത്തിലെ നാലാം ദിനം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 364 റണ്‍സിന് തളച്ച് ഇംഗ്ലണ്ട് തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. മാത്രമല്ല ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 350 റണ്‍സാണ് ത്രീലയണ്‍സിന്റെ വിജയലക്ഷ്യം.
ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് വേണ്ടി സൂപ്പര്‍ താരം ജോ റൂട്ട് മികച്ച ഫീല്‍ഡിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ഷാര്‍ദുല്‍ താക്കൂറിന്റെ ക്യാച്ച് സ്ലിപ്പില്‍ നിന്ന് കൈപിടിയിലാക്കിയത് റൂട്ടായിരുന്നു. നാല് റണ്‍സിനായിരുന്നു താക്കൂര്‍ മടങ്ങിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഫീല്‍ഡര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് റൂട്ടിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനൊപ്പമാണ് റൂട്ട്. ഇനി വെറും ഒരു ക്യാച്ച് നേടാന്‍ സാധിച്ചാല്‍ ദ്രാവിഡിനെ മറികടക്കാനും റെക്കോഡ് ലിസ്റ്റില്‍ ആധിപത്യം സൃഷ്ടിക്കാനും ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ബാറ്റര്‍ക്ക് കഴിയും.
ജോ റൂട്ട് (ഇംഗ്ലണ്ട്) – 210 – 154
രാഹുല്‍ ദ്രാവിഡ് (ഇന്ത്യ) – 210 – 154
മഹേല ജയവര്‍ധനെ (ശ്രീലങ്ക) – 205 – 149
സ്റ്റീവ് സ്മിത് (ഓസ്‌ട്രേലിയ) – 200 – 117
ജാക്വസ് കാലിസ് (സൗത്ത് ആഫ്രിക്ക) – 200 – 166
മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് ഓപ്പണര്‍ കെ.എല്‍. രാഹുലും റിഷബ് പന്തുമാണ്. സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് രാഹുല്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സില്‍ 42 റണ്‍സിന് പുറത്തായ രാഹുല്‍ രണ്ടാം ഇന്നിങ്‌സില്‍ 247 പന്ത് നേരിട്ട് 18 ഫോറുകള്‍ അടക്കം 137 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. ബ്രൈഡന്‍ കാഴ്‌സിന്റെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു താരം.
രാഹുലിന് പുറകെ സെഞ്ച്വറി നേടിയാണ് റിഷബ് പന്തും തിളങ്ങിയത്. 140 പന്ത് നേരിട്ട് 118 റണ്‍സാണ് പന്ത് രണ്ടാം ഇന്നിങ്‌സില്‍ അടിച്ചെടുത്തത്. മൂന്ന് സിക്‌സറും 15 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. ഷോയ്ബ് ബഷീറിന്റെ പന്തില്‍ സാക്ക് ക്രോളിക്ക് ക്യാച്ച് നല്‍കിയായിരുന്നു പന്ത് തന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 134 റണ്‍സ് നേടി പന്ത് സെഞ്ച്വറി നേടിയിരുന്നു.
മറ്റാര്‍ക്കും ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. മധ്യ നിരയില്‍ കരുണ്‍ നായരും (20 റണ്‍സ്) ഷാര്‍ദുല്‍ താക്കൂറും (4 റണ്‍സ്) ആദ്യ ഇന്നിങ്‌സിലേത് പോലെ മികവ് പുലര്‍ത്താന്‍ സാധിക്കാതെയാണ് മടങ്ങിയത്. പന്നീട് ഇറങ്ങിയ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും പൂജ്യം റണ്‍സിനാണ് മടങ്ങിയത്.
അതേസമയം രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ബ്രൈഡന്‍ കാഴ്‌സും ജോഷ് ടംഗുമാണ്. ഇരുവരും മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് വേണ്ടി നേടിയത്. ഷൊയ്ബ് ബഷീര്‍ രണ്ട് വിക്കറ്റും ക്രിസ് വോക്‌സ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ആദ്യ ഇന്നിങ്‌സില്‍ മികച്ച ബൗളിങ് പ്രകടനമാണ് സ്റ്റോക്‌സ് കാഴ്ചവെച്ചത്. നാല് വിക്കറ്റുകളായിരുന്നു താരം നേടിയത്.
Content Highlight: India VS England: Joe Root In Great Record Achievement In Test Cricket