| Wednesday, 25th June 2025, 10:42 am

അടിച്ചുകയറിയത് വിന്‍ഡീസ് ഇതിഹാസത്തിനൊപ്പം, വെട്ടി വീഴ്ത്താനുള്ളത് സാക്ഷാല്‍ സച്ചിനെയും; ത്രീ ലയണ്‍സിന്റെ വജ്രായുധം നോട്ടമിട്ടത് വമ്പന്‍ റെക്കോഡില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ലീഡ്സില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചത്. 84 പന്തുകള്‍ അവശേഷിക്കേയാണ് ത്രീ ലയണ്‍സ് തങ്ങളുടെ വിജയം ഉറപ്പിച്ചത്. ബെന്‍ ഡക്കറ്റാണ് കളിയിലെ താരം.

സ്‌കോര്‍

ഇന്ത്യ – 471 & 364

ഇംഗ്ലണ്ട് – 465 & 373/5

ടാര്‍ഗറ്റ് – 371

മത്സരത്തിലെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് വേണ്ടി നാലാമനായി ഇറങ്ങിയ സൂപ്പര്‍ ബാറ്റര്‍ ജോ റൂട്ട് 58 പന്തില്‍ രണ്ട് ബൗണ്ടറികള്‍ ഉള്‍പ്പെടെ 28 റണ്‍സ് നേടിയാണ് പുറത്തായത്. ബുംറയുടെ പന്തില്‍ കരണ്‍ നായര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു റൂട്ട്.

എന്നാല്‍ നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ റൂട്ട് ക്രീസില്‍ നിലയുറച്ച് തന്റെ മാസ്റ്റര്‍ ക്ലാസ് പ്രകടനം പുറത്തെടുക്കുകയായിരുന്നു. 84 പന്തില്‍ ആറ് ഫോര്‍ ഉള്‍പ്പടെ 54 റണ്‍സ് നേടി പുറത്താകാതെയാണ് റൂട്ട് ത്രീ ലയണ്‍സിനെ വിജയത്തിലെത്തിച്ചത്. തന്റെ കരിയറിലെ 66ാം ടെസ്റ്റ് അര്‍ധ സെഞ്ച്വറിയാണ് റൂട്ട് സ്വന്തമാക്കിയത്. ഇതോടെ ഒരു സൂപ്പര്‍ റെക്കോഡ് സ്വന്തമാക്കാനും റൂട്ടിന് സാധിച്ചിരിക്കുകയാണ്.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാനാണ് റൂട്ടിന് സാധിച്ചത്. ഈ നേട്ടത്തില്‍ വിന്‍ഡീസ് ഇതിഹാസം ശിവ്‌നരെയ്ന്‍ ചന്ദ്രപോളിനൊപ്പമെത്താനും സൂപ്പര്‍ താരത്തിന് സാധിച്ചു. മാത്രമല്ല ഈ നേട്ടത്തില്‍ ഒന്നാമനായ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടക്കാന്‍ വെറും മൂന്ന് അര്‍ധ സെഞ്ച്വറി മാത്രമാണ് റൂട്ടിന് വേണ്ടത്.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരം, എണ്ണം

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 68

ജോ റൂട്ട് (ഇംഗ്ലണ്ട്) – 66

ശിവ്‌നരെയ്ന്‍ ചന്ദ്രപോള്‍ (വെസ്റ്റ് ഇന്‍ഡീസ്) – 66

നിര്‍ണായക രണ്ടാം ഇന്നിങ്‌സിലെ മൂന്നാം ഓവറില്‍ ജെയ്‌സ്വാളിനെ നാല് റണ്‍സിന് കീഴ്‌പ്പെടുത്തി ബ്രൈഡന്‍ കാര്‍സ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നേടിക്കൊടുക്കുകയായിരുന്നു. സായി സുദര്‍ശന്‍ 30 റണ്‍സിനും മടങ്ങിയതോടെ ഏറെ പ്രതീക്ഷ നല്‍കിയ ക്യാപ്റ്റന്‍ ഗില്‍ എട്ട് റണ്‍സിനും പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടി സമ്മാനിച്ചു. മധ്യ നിരയില്‍ പന്ത് പിടിച്ചുനിന്നെങ്കിലും കരുണ്‍ നായരെ (20) പുറത്താക്കിക്കൊണ്ട് ഇംഗ്ലണ്ട് വലിയ ബ്രേക്ക് നേടുകയായിരുന്നു. പിന്നീട് മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. രവീന്ദ്ര ജഡേജ 25 റണ്‍സ് നേടി പുറത്താക്കാതെയും നിന്നിരുന്നു.

ഇംഗ്ലണ്ടിനുവേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ബ്രൈഡന്‍ കാര്‍സും ജോഷ് ടംഗുമാണ്. മൂന്ന് വിക്കറ്റുകളാണ് ഇരുവരും നേടിയത്. ഷോയിബ് ബഷീര്‍ പന്തിന്റെയുള്‍പ്പടെ രണ്ട് വിക്കറ്റുകള്‍ നേടി നിര്‍ണായക പങ്കുവഹിച്ചു. ക്രിസ് വോക്‌സും ബെന്‍ സ്റ്റോക്‌സും ഓരോ വിക്കറ്റുകളും നേടി.

രണ്ടാം ഇന്നിങ്‌സില്‍ 371 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ മിന്നും സെഞ്ച്വറി പ്രകടനത്തിലാണ് വിജയതീരത്ത് എത്തിയത്. 170 പന്തില്‍ നിന്ന് 21 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 149 റണ്‍സാണ് താരം നേടിയത്. സാക്ക് ക്രോളി 65 റണ്‍സും നേടിയിരുന്നു. തുടര്‍ന്ന് ജോ റൂട്ടിന്റെയും ജയ്മി സ്മിത്തിന്റെയും മികവിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. റൂട്ട് 53* റണ്‍സും സ്മിത് 44* റണ്‍സുമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണയും ഷര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റുകള്‍ നേടി.

Content Highlight: India VS England: Joe Root In Great Record Achievement In Test Cricket

We use cookies to give you the best possible experience. Learn more