ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരം ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ നടക്കുകയാണ്. നിലവില്‍ മൂന്നാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 62 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്.
നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത് ജോ റൂട്ടും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സുമാണ്. സ്റ്റോക്‌സ് 16 റണ്‍സ് നേടി ക്രീസില്‍ തുടരുമ്പോള്‍ അര്‍ധ സെഞ്ച്വറി നേടിയാണ് റൂട്ട് മിന്നും പ്രകടനം കാഴ്ചവെക്കുന്നത്. 140 പന്തില്‍ നിന്ന് 70 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്. ഇതോടെ തന്റെ 67ാം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
ഇതിനെല്ലാം പുറമെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. ലോര്‍ഡ്‌സില്‍ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി സ്വന്തമാക്കുന്ന താരമാകാനാണ് റൂട്ടിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇംഗ്ലണ്ടിന്റെ അലസ്റ്റയര്‍ കുക്കിനെയും അലെക് സ്റ്റെവാര്‍ട്ടിനേയുമാണ് താരം മറികടന്നത്.
ജോ റൂട്ട് – 18
അലസ്റ്റയര്‍ കുക്ക് – 17
അലെക് സ്‌റ്റെവാര്‍ട്ട് – 17
മികച്ച തുടക്കം പ്രതീക്ഷിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് ഇന്ത്യ തുടങ്ങിയത്. ടീം സ്‌കോര്‍ 43ന് നില്‍ക്കുമ്പോള്‍ 13.3ാം ഓവറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ ബെന്‍ ഡക്കറ്റിനെയാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. 23 റണ്‍സിനാണ് താരം മടങ്ങിയത്.
അധികം വൈകാതെ ഓവറിലെ അവസാന പന്തില്‍ സാക് ക്രോളിയേയും എഡ്ജില്‍ കുരുക്കി റെഡ്ഡി ഇന്ത്യയ്ക്ക് വേണ്ടി മിന്നും തുടക്കമാണ് നല്‍കിയത്. വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിന്റെ കയ്യിലെത്തിച്ചാണ് ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരെ റെഡ്ഡി തിരിച്ചയച്ചത്. ഒല്ലി പോപ്പ് 104 പന്തില്‍ നിന്ന് നാല് ഫോര്‍ ഉള്‍പ്പെടെ 44 റണ്‍സ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജയാണ് താരത്തെ പുറത്താക്കിയത്. 11 റണ്‍സ് നേടിയ ഹാരി ബ്രൂക്കിനെ ബൗള്‍ഡാക്കി ബുംറയു കരുത്ത് കാണിച്ചു.
Content Highlight: India VS England: Joe Root In Great Record Achievement In Lord’s