| Thursday, 10th July 2025, 8:40 pm

ഇന്ത്യയ്‌ക്കെതിരെ ചരിത്രം സൃഷ്ടിച്ച് ജോ റൂട്ട്; ടെസ്റ്റില്‍ മറ്റൊരുത്തനും സ്വന്തമാക്കാന്‍ സാധിക്കാത്ത അപൂര്‍വ നേട്ടം!

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് മത്സരം ലോഡ്‌സില്‍ നടക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരുവരും 1-1ന് ഒപ്പത്തിനൊപ്പമാണ്. രണ്ടാം ടെസ്റ്റില്‍ 336 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി നേരിട്ട ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ വിജയപ്രതീക്ഷയുമായിട്ടാണ് കളത്തിലിറങ്ങിയത്.

നിലവില്‍ മൂന്നാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ത്രീ ലയണ്‍സ് 49 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത് ഒല്ലി പോപ്പും ജോ റൂട്ടുമാണ്. അര്‍ധ സെഞ്ച്വറി നേടിയാണ് റൂട്ട് മിന്നും പ്രകടനം കാഴ്ചവെക്കുന്നത്. പോപ്പ് 103 പന്തില്‍ നിന്ന് നാല് ഫോര്‍ ഉള്‍പ്പെടെ 44 റണ്‍സ് നേടിയപ്പോള്‍ 109 പന്തില്‍ നിന്ന് ഏഴ് ഫോറുകള്‍ ഉള്‍പ്പെടെ 54 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്.

ഇതോടെ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ചരിത്ര റെക്കോഡ് സ്വന്തമാക്കാനും റൂട്ടിന് സാധിച്ചിരിക്കുകയാണ്. റെഡ് ബോളില്‍ ഇന്ത്യക്കെതിരെ ആദ്യമായി 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് റൂട്ടിന് സാധിച്ചത്. മറ്റൊരു താരത്തിനും ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റില്‍ ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം ടെസ്റ്റില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒമ്പതാമനാണ് റൂട്ട്.

ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

ജോ റൂട്ട് (ഇംഗ്ലണ്ട്) – 3001*

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) – 2555

അലസ്റ്റയര്‍ കുക്ക് (ഇംഗ്ലണ്ട്) – 2441

സ്റ്റീവ് സ്മിത് (ഓസ്‌ട്രേലിയ) – 2356

മികച്ച തുടക്കം പ്രതീക്ഷിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് ഇന്ത്യ തുടങ്ങിയത്. ടീം സ്‌കോര്‍ 43ന് നില്‍ക്കുമ്പോള്‍ 13.3ാം ഓവറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ ബെന്‍ ഡക്കറ്റിനെയാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. 23 റണ്‍സിനാണ് താരം മടങ്ങിയത്.

അധികം വൈകാതെ ഓവറിലെ അവസാന പന്തില്‍ സാക് ക്രോളിയേയും എഡ്ജില്‍ കുരുക്കി റെഡ്ഡി ഇന്ത്യയ്ക്ക് വേണ്ടി മിന്നും തുടക്കമാണ് നല്‍കിയത്. വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിന്റെ കയ്യിലെത്തിച്ചാണ് ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരെ റെഡ്ഡി തിരിച്ചയച്ചത്.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാഴ്‌സ്, ജോഫ്ര ആര്‍ച്ചര്‍, ഷൊയിബ് ബഷീര്‍

Content Highlight: India VS England: Joe Root In Great Record Achievement Against India In Test

Latest Stories

We use cookies to give you the best possible experience. Learn more