| Thursday, 24th July 2025, 2:32 pm

ടോസ് പോയതുമുതല്‍ തുടങ്ങിയതാണ് കണ്ടകശനി; മോശം റെക്കോഡിലും പരിക്കിലും വലഞ്ഞ് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് മാഞ്ചസ്റ്ററില്‍ നടക്കുകയാണ്. നിര്‍ണായക ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് നേടിയത്. 14ാം തവണയും ടോസ് നഷ്ടപ്പെട്ടതോടെ ഒരു മോശം റെക്കോഡിലും ഇന്ത്യ പേര് എഴുതി ചേര്‍ത്തിരിക്കുകയാണ്.

ഈ പരമ്പരയില്‍ തുടര്‍ച്ചയായി നാലാം തവണയാണ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ടോസ് വിളിക്കാന്‍ കഴിയാത്തത്. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ് ടോസ് നേടി ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിച്ചു. 2025 ജനുവരിയില്‍ രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി-20യിലാണ് ഇന്ത്യ അവസാനമായി ടോസ് നേടിയത്. അതിനുശേഷം, അവസാന രണ്ട് ടി-20കളിലും മൂന്ന് ഏകദിന പരമ്പരയിലും 2025ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് ഒരു ടോസ് പോലും നേടാന്‍ കഴിഞ്ഞിട്ടില്ല.

മാഞ്ചസ്റ്ററിലെ ആദ്യ ദിനം കെ.എല്‍. രാഹുല്‍ (98 പന്തില്‍ 46), യശസ്വി ജെയ്‌സ്വാള്‍ (107 പന്തില്‍ 58), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (23 പന്തില്‍ 12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. മാത്രമല്ല
ഇന്ത്യയുടെ അഗ്രസീവ് ബാറ്റര്‍ റിഷബ് പന്തിന്റെ പുറത്താകലാണ് ഇന്ത്യയ്ക്ക് ഏറെ നിരാശ സമ്മാനിച്ചത്. അഞ്ചാം നമ്പറില്‍ ക്രീസിലെത്തി സായ് സുദര്‍ശനൊപ്പം മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുക്കവെയാണ് പന്ത് റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയത്.

ക്രിസ് വോക്‌സിന്റെ ഉഗ്രന്‍ യോര്‍ക്കറില്‍ റിവേഴ്‌സ് സ്വീപിന് ശ്രമിച്ച പന്തിന്റെ വലത് കാല്‍വിരലില്‍ പന്ത് തട്ടി വേദനകൊണ്ട് പുളഞ്ഞാണ് താരം കളം വിട്ടത്. ഇപ്പോള്‍ താരത്തിന്റെ പരിക്കിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ വലിയ തിരിച്ചടിയാണ് ഇന്ത്യയ്ക്ക് നല്‍കിയത്. പന്തിന്റെ കാല്‍വിരലിന് പൊട്ടലുണ്ടെന്നും ആറ് ആഴ്ചത്തോളം താരത്തിന് വിശ്രമം ആവശ്യമാണെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 48 പന്തില്‍ 37 റണ്‍സുമായി മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തവെയായിരുന്നു പന്തിന്റെ നിര്‍ഭാഗ്യകരമായ പുറത്താകല്‍.

Content Highlight: India VS England: Indian Team In Unwanted Record Achievement

We use cookies to give you the best possible experience. Learn more