| Thursday, 17th July 2025, 8:30 pm

ഇന്ത്യയ്ക്ക് തിരിച്ചടി; സൂപ്പര്‍ ബൗളര്‍ക്ക് പരിക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2 – 1ന് മുന്നിലെത്തി. ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് നാലാം ടെസ്റ്റിനാണ്. ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.

എന്നാല്‍ മത്സരത്തിന് മുന്നോടിയായി ഇന്ത്യയ്ക്ക് തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. പുറമെ പരിശീലന ഘട്ടത്തില്‍ ഇന്ത്യന്‍ ഇടംകയ്യന്‍ പേസര്‍ ആകാശ് ദീപിന് പരിക്ക് പറ്റിയെന്നന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ പിരിക്കിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

രണ്ടാം ടെസ്റ്റില്‍ ബുംറയ്ക്ക് പകരക്കാരനായി എത്തിയ ആകാശ് ദീപ് ഫൈഫര്‍ ഉള്‍പ്പെടെ 10 വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ലോര്‍ഡ്‌സില്‍ ഒരു വിക്കറ്റാണ് താരത്തിന് നേടാന്‍ സാധിച്ചത്. പരിക്ക് മൂലം താരം പുറത്താകേണ്ടി വന്നാല്‍ ഇന്ത്യയ്ക്ക് അത് വലിയ പ്രഹരമാണ് സൃഷ്ടിക്കാന്‍ പോകുന്നത്.

അതേസമയം ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ നാലാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമോ എന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. താരം ലഭ്യമായേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ബി.സി.സി.ഐ താരത്തെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റും നല്‍കിയിട്ടില്ല.

ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി താരം രണ്ടാം ടെസ്റ്റില്‍ കളിച്ചില്ലായിരുന്നു. അതേസമയം നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ബുംറ കളത്തിലിറങ്ങേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമാണ്. രണ്ട് ഫൈഫര്‍ ഉള്‍പ്പെടെ 12 വിക്കറ്റുകളാണ് രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ബുംറ നേടിയത്.

Content Highlight: India VS England: Indian pace bowler Akash Deep injured, media reports

We use cookies to give you the best possible experience. Learn more