| Wednesday, 25th June 2025, 7:14 am

ലീഡ്‌സില്‍ ത്രീ ലയണ്‍സിന്റെ ഗര്‍ജനം; ആദ്യ ടെസ്റ്റില്‍ പൊരുതിത്തോറ്റ് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

പ്രഥമ ആന്‍ഡേഴ്‌സണ്‍ – ടെണ്ടുല്‍ക്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. ലീഡ്സില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചത്. 84 പന്തുകള്‍ അവശേഷിക്കേയാണ് ത്രീ ലയണ്‍സ് തങ്ങളുടെ വിജയം ഉറപ്പിച്ചത്. ബെന്‍ ഡക്കറ്റാണ് കളിയിലെ താരം.

സ്‌കോര്‍

ഇന്ത്യ – 471 & 364

ഇംഗ്ലണ്ട് – 465 & 373/5

ടാര്‍ഗറ്റ് – 371

അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ആദ്യ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 101 (159), ക്യാപ്റ്റന്‍ ശുഭമന്‍ ഗില്‍ 147 (227), റിഷബ് പന്ത് 134 (178) എന്നിവരുടെ സെഞ്ച്വറി മികവില്‍ 471 റണ്‍സ് നേടി. അരങ്ങേറ്റക്കാരന്‍ സായി സുദര്‍ശനും എട്ട് വര്‍ഷത്തിനുശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന് കരുണ്‍ നായരും ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ചാണ് പുറത്തായത്. നാല് പന്തുകള്‍ കളിച്ച് പൂജ്യം റണ്‍സിനാണ് ഇരുവരും പുറത്തായത്. രണ്ടുപേരുടെയും വിക്കറ്റ് നേടിയത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സാണ്. ജോഷ് ടംഗിന്റെയും സ്റ്റോക്‌സിന്റെയും ഫോര്‍ഫറിലാണ് ഇന്ത്യയെ ഇംഗ്ലണ്ട് തളച്ചത്.

എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒലി പോപ്പിന്റെയും ഹാരി ബ്രൂക്കിന്റെയും മികച്ച പ്രകടനത്തിലാണ് ഇന്ത്യയുടെ അടുത്തെത്തിയത്. ഒലി 137 പന്തില്‍ 106 റണ്‍സും ബ്രൂക്ക് 112 പന്തില്‍ നിന്ന് 99 റണ്‍സുമാണ് നേടിയത്. ഓപ്പണര്‍ ബെന്‍ ഡക്കറ്റ് 62 റണ്‍സ് നേടി അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. ഇംഗ്ലണ്ടിനെ ലീഡ് എടുക്കാന്‍ സമ്മതിക്കാതെ ഫൈഫര്‍ നേടി തകര്‍ക്കുകയായിരുന്നു ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറ. പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റുകളും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും നേടിയിരുന്നു. എന്നാല്‍ ഫീല്‍ഡിങ് പിഴവില്‍ ആറ് ക്യാച്ചുകള്‍ പാഴാക്കിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

രണ്ടാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തും കെ.എല്‍. രാഹുലും നേടിയ സെഞ്ച്വറിയാണ് തുണയായത്. രാഹുല്‍ 247 പന്തില്‍ 18 ഫോര്‍ ഉള്‍പ്പെടെ 137 റണ്‍സും പന്ത് 140 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും 15 ഫോറും ഉള്‍പ്പടെ 118 റണ്‍സും നേടി പുറത്തായി. മറ്റാര്‍ക്കും ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താനായി മികച്ച സംഭാവന നല്‍കാന്‍ സാധിച്ചില്ലായിരുന്നു.

നിര്‍ണായക ഇന്നിങ്‌സിലെ മൂന്നാം ഓവറില്‍ ജെയ്‌സ്വാളിനെ നാല് റണ്‍സിന് കീഴ്‌പ്പെടുത്തി ബ്രൈഡന്‍ കാര്‍സ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നേടിക്കൊടുക്കുകയായിരുന്നു. സായി സുദര്‍ശന്‍ 30 റണ്‍സിനും മടങ്ങിയതോടെ ഏറെ പ്രതീക്ഷ നല്‍കിയ ക്യാപ്റ്റന്‍ ഗില്‍ എട്ട് റണ്‍സിനും പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടി സമ്മാനിച്ചു. മധ്യ നിരയില്‍ പന്ത് പിടിച്ചുനിന്നെങ്കിലും കരുണ്‍ നായരെ (20) പുറത്താക്കിക്കൊണ്ട് ഇംഗ്ലണ്ട് വലിയ ബ്രേക്ക് നേടുകയായിരുന്നു. പിന്നീട് മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. രവീന്ദ്ര ജഡേജ 25 റണ്‍സ് നേടി പുറത്താക്കാതെയും നിന്നിരുന്നു.

ഇംഗ്ലണ്ടിനുവേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ബ്രൈഡന്‍ കാര്‍സും ജോഷ് ടംഗുമാണ്. മൂന്ന് വിക്കറ്റുകളാണ് ഇരുവരും നേടിയത്. ഷോയിബ് ബഷീര്‍ പന്തിന്റെയുള്‍പ്പടെ രണ്ട് വിക്കറ്റുകള്‍ നേടി നിര്‍ണായക പങ്കുവഹിച്ചു. ക്രിസ് വോക്‌സും ബെന്‍ സ്റ്റോക്‌സും ഓരോ വിക്കറ്റുകളും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ മിന്നും സെഞ്ച്വറി പ്രകടനത്തിലാണ് വിജയതീരത്ത് എത്തിയത്. 170 പന്തില്‍ നിന്ന് 21 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 149 റണ്‍സാണ് താരം നേടിയത്. സാക്ക് ക്രോളി 65 റണ്‍സും നേടിയിരുന്നു. തുടര്‍ന്ന് ജോ റൂട്ടിന്റെയും ജയ്മി സ്മിത്തിന്റെയും മികവിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. റൂട്ട് 53* റണ്‍സും സ്മിത് 44* റണ്‍സുമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണയും ഷാര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റുകള്‍ നേടി.

ഇതോടെ ഗില്ലിന്റെ ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാണ് സംഭവിച്ചത്. വിജയപ്രതീക്ഷയില്‍ ഇറങ്ങിയെങ്കിലും മോശം ഫീല്‍ഡിങ്ങും പ്രതീക്ഷയ്ക്ക് ഉയരാത്ത ബൗളിങ്ങും ടോപ് ഓര്‍ഡര്‍ ഒഴികെയുള്ള ബാറ്റിങ്ങും ഇന്ത്യക്ക് വിനയാകുകയാണ്. എന്നിരുന്നാലും രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചുവരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: India VS England: India Lost First Test Against England

We use cookies to give you the best possible experience. Learn more