ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്‌ലിയില്‍ നടക്കുകയാണ്. മത്സരത്തിലെ നാലാം ദിനം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 364 റണ്‍സിന് തളച്ച് ഇംഗ്ലണ്ട് തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. മാത്രമല്ല ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 350 റണ്‍സാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് ഓപ്പണര്‍ കെ.എല്‍. രാഹുലും റിഷബ് പന്തുമാണ്. ഇരുവരും സെഞ്ച്വറി നേടിയാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. 140 പന്ത് നേരിട്ട് 118 റണ്‍സാണ് പന്ത് രണ്ടാം ഇന്നിങ്‌സില്‍ അടിച്ചെടുത്തത്. 15 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ് മൂന്ന് സിക്‌സറും.
ഷോയ്ബ് ബഷീറിന്റെ പന്തില്‍ സാക്ക് ക്രോളിക്ക് ക്യാച്ച് നല്‍കിയായിരുന്നു പന്ത് തന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 134 റണ്‍സ് നേടി പന്ത് സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ആദ്യ ഇന്നിങ്‌സിലും താരത്തിന് സെഞ്ച്വറി നേടാന്‍ സാധിച്ചിരുന്നു.
സെഞ്ച്വറിക്ക് പുറമെ ഒരു തിരിച്ചടിയും പന്തിന് സംഭവിച്ചിരിക്കുകയാണ്. മത്സരത്തിലെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുമ്പോള്‍ റിഷബ് പന്തും ഫീല്‍ഡ് അമ്പയറും തമ്മിലുള്ള തകര്‍ക്കമാണ് പന്തിനെതിരെയുള്ള നടപടിക്ക് കാരണം. മത്സരം നടക്കുമ്പോള്‍ 61ാം ഓവറില്‍ മുഹമ്മദ് സിറാജിനെ ഹാരി ബ്രൂക്ക് തുടര്‍ച്ചയായി ബൗണ്ടറികള്‍ അടിച്ചിരുന്നു.
തുടര്‍ന്ന് കീപ്പര്‍ റിഷബ് കളിയില്‍ ഉപയോഗിക്കുന്ന പന്തിന് പോരായ്മകള്‍ ഉണ്ടെന്നും പന്ത് പരിശോധിക്കണമെന്നും അമ്പയറോട് പറഞ്ഞു. എന്നാല്‍ ഫീല്‍ഡ് അമ്പയറായ പോള്‍ റീഫല്‍ പന്ത് ഒരു പ്രശ്നവുമില്ലെന്ന് കണ്ടെത്തി. ഇതോടെ ദേഷ്യത്തിലായ പന്ത് ബോള്‍ വലിച്ചെറിയുകയായിരുന്നു.
ഇതോടെ ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.8 ലംഘിച്ചതിന് പന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തി. അമ്പയറുമായുള്ള തര്‍ക്കത്തില്‍ ഉള്‍പ്പെട്ടതോടെ 27 കാരനായ പന്തിന് ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു. ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തോടുള്ള വിയോജിപ്പും, അമ്പയറുടെ വിധിയില്‍ അമിതമായ നിരാശ പ്രകടിപ്പിക്കുന്നതും, ദീര്‍ഘ നേരം വാദിക്കുന്നതും കുറ്റകരമാണ്.
ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരായ ക്രിസ് ഗഫാനി, പോള്‍ റീഫല്‍, മൂന്നാം അമ്പയര്‍ ഷര്‍ഫുദ്ദൗള ഇബ്നെ ഷാഹിദ്, നാലാം അമ്പയര്‍ മൈക്ക് ബേണ്‍സ് എന്നിവര്‍ ചേര്‍ന്ന് ഐ.സി.സിയുടെ എലൈറ്റ് പാനല്‍ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സണെ കുറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘ബോള്‍ ഗേജ് ഉപയോഗിച്ച് പന്ത് പരിശോധിച്ചതിന് ശേഷം അമ്പയര്‍മാര്‍ പന്ത് മാറ്റാന്‍ വിസമ്മതിച്ചപ്പോള്‍, വിക്കറ്റ് കീപ്പര്‍ അമ്പയര്‍മാരുടെ മുന്നില്‍ പന്ത് നിലത്തേക്ക് എറിഞ്ഞുകൊണ്ട് തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു,’ ഐ.സി.സി പ്രസ്താവനയില്‍ പറഞ്ഞു.
Content Highlight: India VS England: ICC takes action against Rishabh Pant for code of conduct violation