| Monday, 23rd June 2025, 3:28 pm

ക്യാപ്റ്റന് പിന്നാലെ വൈസ് ക്യാപ്റ്റനും എട്ടിന്റെ പണികിട്ടിയേക്കും; നടപടിക്കൊരുങ്ങി ഐ.സി.സി!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ലീഡ്‌സിലെ ഹെഡിങ്ലിയില്‍ നടക്കുകയാണ്. മത്സരത്തിലെ മൂന്നാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയിട്ടുണ്ട്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സാണ് ഇന്ത്യ എടുത്തിട്ടുള്ളത്. നിലവില്‍ 75 പന്തില്‍ 47 റണ്‍സെടുത്ത കെ.എല്‍. രാഹുലും 10 പന്തുകള്‍ നേരിട്ട് ആറ് റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് ക്രീസിലുള്ളത്. മാത്രമല്ല 96 റണ്‍സിന് മുന്നിട്ട് നില്‍ക്കുകയാണ്.

അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 471 റണ്‍സാണ് നേടിയത്. തുടര്‍ ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 465ല്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്സില്‍ മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ഫൈഫര്‍ നേടിയാണ് സ്റ്റാര്‍ പേസര്‍ ബുംറ ഇംഗ്ലണ്ടിനെ തകര്‍ത്തത്.

എന്നാല്‍ മത്സരത്തിനിടയില്‍ റിഷബ് പന്തും ഫീല്‍ഡ് അമ്പയറും തമ്മിലുള്ള സംസാരമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. മത്സരം നടക്കുമ്പോള്‍ മുഹമ്മദ് സിറാജിനെ ഹാരി ബ്രൂക്ക് തുടര്‍ച്ചയായി ബൗണ്ടറികള്‍ അടിച്ചിരുന്നു. തുടര്‍ന്ന് കീപ്പര്‍ റിഷബ് കളിയില്‍ ഉപയോഗിക്കുന്ന പന്തിന് പോരായ്മകള്‍ ഉണ്ടെന്നും പന്ത് പരിശോധിക്കണമെന്നും അമ്പയറോട് പറഞ്ഞു. എന്നാല്‍ ഫീല്‍ഡ് അമ്പയറായ പോള്‍ റീഫല്‍ പന്ത് ഒരു പ്രശ്‌നവുമില്ലെന്ന് കണ്ടെത്തി. ഇതോടെ ദേഷ്യത്തിലായ പന്ത് ബോള്‍ വലിച്ചെറിയുകയായിരുന്നു.

അമ്പയറുമായി തര്‍ക്കിച്ച പന്ത് ഐ.സി.സിയുടെ രണ്ട് പെരുമാറ്റ ചട്ടങ്ങളും ലംഘിച്ചിരിക്കുകയാണ്. കാരണം ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തോടുള്ള വിയോജിപ്പും, അമ്പയറുടെ വിധിയില്‍ അമിതമായ നിരാശ പ്രകടിപ്പിക്കുന്നതും, ദീര്‍ഘ നേരം വാദിക്കുന്നതും കുറ്റകരമാണ്. ഇതോടെ പന്തിന്റെ പ്രവര്‍ത്തിയില്‍ ഐ.സി.സി പരിശോധന നടത്തി തീരുമാനങ്ങള്‍ എടുക്കാനുള്ള സാധ്യതകളുണ്ട്. മാത്രമല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും നേരത്തെ ഐ.സി.സിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചിരുന്നു. ഐ.സി.സിയുടെ നിയമത്തിന് വിരുദ്ധമായി കറുത്ത സോക്‌സ് ഉപയോഗിച്ചതാണ് ഗില്ലിന് വിനയായത്.

മത്സരത്തില്‍ സാക്ക് ക്രോളി (4 റണ്‍സ്), ബെന്‍ ഡക്കറ്റ് (62), ജോ റൂട്ട് (28), ക്രിസ് വോക്‌സ് (38), ജോഷ് ടംഗ് (11) എന്നിവരെ പുറത്താക്കിയാണ് ബുംറ തന്റെ കരുത്ത് തെളിയിച്ചത്. താരത്തിന് പുറമെ പ്രസിദ്ധ് കൃഷ്ണയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് നടത്തിയ ഒല്ലി പോപ്പ് (106), ഹാരി ബ്രൂക്ക് (99), ജെയ്മി സ്മിത് (40) എന്നിവരെയാണ് പ്രസിദ്ധ് മടക്കിയയച്ചത്. അതേസമയം മുഹമ്മദ് സിറാജ് ബ്രൈഡന്‍ കാഴ്‌സിന്റെയും (22 റണ്‍സ്), ബെന്‍ സ്റ്റോക്‌സിന്റെയും (20) വിക്കറ്റുകളും നേടി.

Content Highlight: India VS England: ICC preparing action against Rishabh Pant for code of conduct violation

We use cookies to give you the best possible experience. Learn more