| Sunday, 27th July 2025, 3:09 pm

ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ടെക്‌നിക്കല്‍ ബാറ്റര്‍; സൂപ്പര്‍ താരത്തെ പ്രശംസിച്ച് പൂജാരയും ഹര്‍ഷ ഭോഗ്ലെയും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തിലെ നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്.

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ ഉയര്‍ത്തിയ 669 റണ്‍സ് മറികടന്നില്ലെങ്കിലും ഇന്നത്തെ ദിവസം പിടിച്ചു നിന്നാല്‍ മത്സരം സമനിലയിലാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 358 റണ്‍സായിരുന്നു നേടാന്‍ സാധിച്ചത്.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തി ക്രീസിലുള്ളത് കെ.എല്‍ രാഹുലും ശുഭ്മന്‍ ഗില്ലുമാണ്. ഗില്‍ 167 പന്തില്‍ നിന്ന് 10 ഫോര്‍ ഉള്‍പ്പെടെ 78 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 210 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 87 റണ്‍സും രാഹുല്‍ നേടി. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെയും മൂന്നാമനായി ഇറങ്ങിയ സായ് സുദര്‍ശനെയും പൂജ്യത്തിന് പുറത്താക്കിയാണ് ഇംഗ്ലണ്ട് ബൗളിങ് തുടങ്ങിയത്. ശേഷം സമ്മര്‍ദ ഘട്ടത്തില്‍ രാഹുല്‍ മികച്ച പ്രകടനമാണ് ഗില്ലിനൊപ്പം നടത്തുന്നത്.

ഇതോടെ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയും രാഹുലിന്റെ ബാറ്റിങ് മികവിനെ പ്രശംസിച്ച് സംസാരിച്ചിരിക്കുകയാണ്. ടീമിലെ ഏറ്റവും മികച്ച ടെക്‌നിക്കല്‍ ബാറ്ററാണ് രാഹുലെന്നും സ്ഥിരതയുടെ കാര്യത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും റണ്‍സ് നേടിയാണ് താരം മറുപടി നല്‍കിയതെന്നും പൂജാര കൂട്ടിച്ചേര്‍ത്തു.

‘ടീമിലെ ഏറ്റവും സാങ്കേതികമായി മികച്ച ബാറ്റര്‍ രാഹുലാണ്. അദ്ദേഹത്തിന്റെ സ്ഥിരതയെക്കുറിച്ച് ചോദ്യചിഹ്നങ്ങള്‍ ഉയര്‍ന്നിരുന്നു, എന്നാല്‍ സ്ഥിരതയോടെ റണ്‍സ് നേടി അദ്ദേഹം മറുപടി നല്‍കി. ടീമിലെ പ്രധാന താരമാണ് അദ്ദേഹം’ ചേതേശ്വര്‍ പൂജാര പറഞ്ഞു.

പൂജാരയുടെ അഭിപ്രായം ശരിവെച്ച് ഹര്‍ഷ ഭോഗ്ലെയും സംസാരിച്ചു. രാഹുല്‍ നെഗറ്റീവായി ചിന്തിക്കുന്നില്ലെന്നും അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ബാറ്റ് ചെയ്ത രാഹുല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയിയെന്നും ബാറ്റര്‍ എന്ന റോളില്‍ പൂര്‍ണമായും അവന്‍ തന്റെ കഴിവ് തെളിയിച്ചെന്നും ഭോഗ്ലെ കൂട്ടിച്ചേര്‍ത്തു.

‘കെ.എല്‍. രാഹുല്‍ എല്ലാം കൊണ്ടും സന്തുഷ്ടനാണ്, ഇത് റണ്‍സ് നേടാന്‍ അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹം നെഗറ്റീവ് ആയി ചിന്തിക്കുന്നില്ല. അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ആയിരുന്നു അദ്ദേഹം ബാറ്റ് ചെയ്തത്, പക്ഷേ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഏതാനും ടെസ്റ്റുകളില്‍ നിന്ന് രോഹിത്തിന് പകരം രാഹുലിന് ഇന്നിങ്‌സ് തുടങ്ങാന്‍ സാധിച്ചു. ബാറ്റര്‍ എന്ന റോളില്‍ പൂര്‍ണമായും അവന്‍ തന്റെ കഴിവ് തെളിയിച്ചു. സ്ഥിരയും റണ്‍സും അവന്‍ നേടി,’ ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.

Content Highlight: India vs England: Harsha Bhogle And Cheteshwar Pujara Praises K.L Rahul

We use cookies to give you the best possible experience. Learn more