| Tuesday, 1st July 2025, 4:24 pm

ഞങ്ങള്‍ക്ക് നേരെ ആര് ബോളെറിഞ്ഞാലും പ്രശ്‌നമില്ല; വമ്പന്‍ പ്രസ്താവനയുമായി ഹാരി ബ്രൂക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാളെ (ബുധന്‍) എഡ്ജ്ബാസ്റ്റണിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം അങ്കത്തിന് കളമൊരുങ്ങുന്നത്. ആദ്യ ടെസ്റ്റിലെ പരാജയത്തെ മറികടക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയരായ ത്രീ ലയണ്‍സ് മുന്നിലാണ്.

എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഒപ്പമുണ്ടായേക്കാമെന്ന ആശ്വാസ വാര്‍ത്തയും നേരത്തെ വന്നിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. താരത്തിന്റെ അധിക ജോലി ഭാരം കുറയ്ക്കാനും വിശ്രമം നല്‍കാനുമായിരുന്നു മാനേജ്‌മെന്റ് തീരുമാനമെടുത്തത്.

ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റാണ് ബുംറ രണ്ടാം ടെസ്റ്റില്‍ ഉണ്ടായേക്കുമെന്ന് വെളിപ്പെടുത്തിയത്. ബുംറ ഫിറ്റാണെന്നും രണ്ടാം ടെസ്റ്റിനുള്ള സെലഷന് ലഭ്യമാണെന്നും ഡോഷേറ്റ് പറഞ്ഞു. മാത്രമല്ല ബുംറയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കുന്നത് മാനേജ്‌മെന്റാണെന്നും ഡോഷേറ്റ് കൂട്ടിച്ചേര്‍ത്തു. ബുംറയുടെ സേവനമുണ്ടായാല്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

ഇപ്പേള്‍ ബുംറയെക്കുറിച്ച് സംസാരിക്കുകയാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ഹാരി ബ്രൂക്ക്. ബുംറ മികച്ച ബൗളറാണെന്നും മറ്റേതൊരു ബൗളറെയും പോലെ ബുംറയുടെ പന്തുകളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുമെന്നും, കഴിഞ്ഞ ടെസ്റ്റില്‍ പേസര്‍ ഉണ്ടായിരുന്നിട്ടും ഇംഗ്ലണ്ടിന് മികച്ച വിജയമുണ്ടായെന്നും ബ്രൂക്ക് പറഞ്ഞു. മാത്രമല്ല ആരാണ് തങ്ങള്‍ക്ക് നേരെ പന്തെറിയുന്നത് എന്നത് പ്രശ്‌നമല്ലെന്നും എല്ലാ ബൗളര്‍മാരെയും സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കുമെന്നും ബ്രൂക്ക് കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹം മികച്ച ബൗളറാണ്, മറ്റേതൊരു ബൗളറെയും പോലെ അദ്ദേഹത്തിന്റെ നല്ല പന്തുകളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം, മോശം പന്തുകളെ ആക്രമിക്കുകയും ചെയ്യും. കഴിഞ്ഞ ആഴ്ച ബുംറ ഉണ്ടായിട്ടും ങ്ങള്‍ക്ക് നല്ലൊരു വിജയം ലഭിച്ചു എന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ക്ക് നേരെ ആര് ബോളെറിഞ്ഞാലും പ്രശ്‌നമല്ല, എല്ലാ ബൗളര്‍മാരെയും സമ്മര്‍ദത്തിലാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. പക്ഷേ ലോകത്തിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറെ ടീമിന് നഷ്ടമായാല്‍, അത് ഒരു മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം,’ ബ്രൂക്ക് പറഞ്ഞു.

Content Highlight: India VS England: Harry Brook Talking About Jasprit Bumrah

We use cookies to give you the best possible experience. Learn more