ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റിനാണ്. ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും ശുഭ്മന്‍ ഗില്‍ മികച്ച പ്രകടനമാണ് പരമ്പരയില്‍ കാഴ്ചവെക്കുന്നത്. ഇതുവരെ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 607 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഓരോ കളിക്കാരനും വ്യത്യസ്ത ശൈലിയും സ്വഭാവവുമുണ്ടെന്നും ഗില്ലിന് ഗില്ലിന്റേതായ ശൈലിയാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. മറ്റാരെയും പോലെ ആകേണ്ട ആവശ്യമില്ലെന്നും ഗില്‍ സ്വന്തം പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
‘ഓരോ കളിക്കാരനും വ്യത്യസ്ത ശൈലിയുണ്ട്. എം.എസ്. ധോണി, അനില്‍ കുംബ്ലെ, സൗരവ് ഗാംഗുലി, കപില്‍ ദേവ് എന്നിവര്‍ വ്യത്യസ്തരായിരുന്നു. എല്ലാവര്‍ക്കും വ്യത്യസ്ത സ്വഭാവവും രീതിയുമുണ്ട്. മറ്റാരെയും പോലെ പന്തെറിയാന്‍ എനിക്കും സാധ്യമല്ല. ശുഭ്മന്‍ ഗില്ലിന് തന്റേതായ ശൈലിയുണ്ട്. തീര്‍ച്ചയായും അവന്‍ കാര്യങ്ങള്‍ പഠിക്കും. അവനൊരു യുവ താരമാണ്.
സൗരവ് ഗാംഗുലിയോ വിരാട് കോഹ്‌ലിയോ എം.എസ്. ധോണിയോ ആകാന്‍ ഗില്ലിന് കഴിയില്ല, അങ്ങനെയാകേണ്ട ആവശ്യവുമില്ല. സ്വന്തം പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാനും മികച്ചവനാകാനുമാണ് അവന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയെ ഉന്നതിയിലെത്തിക്കാന്‍ അവന് കഴിവുണ്ട്,’ ഹര്‍ഭജന്‍ സിങ് സ്പോര്‍ട്സ് ടാക്കിനോട് പറഞ്ഞു.
അതേസമയം ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റില്‍ 2 – 1ന് ഇംഗ്ലണ്ട് മുന്നിലെത്തുകയും ചെയ്തു. പരമ്പരയിലെ നാലാം മത്സരം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്.
Content Highlight: India VS England: Harbhjan Singh Talking About Shubhman Gill