| Saturday, 19th July 2025, 10:45 pm

വിജയം ഉറപ്പാക്കുന്നതിന് അവന്‍ റിസ്‌ക് എടുക്കേണ്ടിയിരുന്നു; സൂപ്പര്‍ താരത്തെ വിമിര്‍ശിച്ച് ഗ്രെഗ് ചാപ്പല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റിനാണ്. ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ആതിഥേയരാണ് മുമ്പില്‍. ലീഡ്‌സില്‍ നടന്ന ആദ്യ മത്സരത്തിലും ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം മത്സരത്തിലുമാണ് ഇംഗ്ലണ്ട് വിജയിച്ചുകയറിയത്.

അതേസമയം, ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയും വിജയിച്ചു. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 22 റണ്‍സിന്റെ പരാജയമാണ് സന്ദര്‍ശകര്‍ക്ക് നേരിടേണ്ടി വന്നത്.

അവസാന നിമിഷം വരെ പോരാടിയ രവീന്ദ്ര ജഡേജയുടെ അപരാജിത അര്‍ധ സെഞ്ച്വറിക്കും ഇന്ത്യയുടെ തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല. 181 പന്തില്‍ പുറത്താകാതെ 61 റണ്‍സാണ് ജഡേജ സ്വന്തമാക്കിയത്. നേരത്തെ പരമ്പരയിലെ ആദ്യ ഇന്നിങ്സിലും താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ താരത്തെ വിമര്‍ശിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഓസീസ് താരം ഗ്രെഗ് ചാപ്പല്‍.

ജഡേജ ഇന്ത്യയുടെ അവസാനത്തെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിരുന്നെന്നും എന്നാല്‍ മത്സരം ജയിക്കാന്‍ താരം പന്തുകള്‍ വിട്ടുകൊടുക്കുകയോ സിംഗിള്‍സ് എടുക്കുകയോ അല്ലായിരുന്നു വേണ്ടതെന്നും ചാപ്പല്‍ പറഞ്ഞു. വിജയമുറപ്പാക്കുന്നതിന് ജഡേജ റിസ്‌ക് എടുക്കണമെന്നുമായിരുന്നെന്നും അതിനുള്ള സന്ദേശം ഡ്രസ്സിങ് റൂമില്‍ നിന്ന് ക്യാപ്റ്റന്‍ നല്‍കേണ്ടിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജഡേജ അവസാനത്തെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിരുന്നു. ലക്ഷ്യം പിന്തുടരുന്നതില്‍ ഇന്ത്യയ്ക്ക് എന്തെങ്കിലും പ്രതീക്ഷയുണ്ടെങ്കില്‍ അതിന് അവന്‍ റിസ്‌കുകള്‍ എടുക്കണമായിരുന്നു. പന്തുകള്‍ വിട്ടുകൊടുക്കുകയും സിംഗിള്‍സ് നേടുകയുമല്ലായിരുന്നു അവന്‍ ചെയ്യേണ്ടത്. അത് വിജയം ഉറപ്പാക്കുക എന്നതായിരുന്നു. അതിനുള്ള സന്ദേശം ഡ്രസ്സിങ് റൂമില്‍ നിന്ന് ക്യാപ്റ്റന്‍ നല്‍കേണ്ടിയിരുന്നു,’ ഗ്രെഗ് ചാപ്പല്‍ തന്റെ ഇ.എസ്.പി.എന്‍ ക്രികിന്‍ഫോ കോളത്തില്‍ എഴുതി.

Content Highlight: India VS England: Greg Chappell Criticize Ravindra Jadeja

We use cookies to give you the best possible experience. Learn more