ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. ലീഡ്‌സില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചത്. 84 പന്തുകള്‍ അവശേഷിക്കേയാണ് ത്രീ ലയണ്‍സ് തങ്ങളുടെ വിജയം ഉറപ്പിച്ചത്.
ഇന്ത്യ – 471 & 364
ഇംഗ്ലണ്ട് – 465 & 373/5
ടാര്‍ഗറ്റ് – 371
മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ സംസാരിച്ചിരുന്നു. ഇന്ത്യയുടെ ബൗളിങ് ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ഗംഭീര്‍. ഓരോ ടെസ്റ്റ് കഴിയുമ്പോഴും ബൗളര്‍മാരെ വിലയിരുത്താന്‍ തുടങ്ങിയാല്‍ എങ്ങനെയാണ് ഒരു മികച്ച ബൗളിങ് യൂണിറ്റിനെ വികസിപ്പിക്കുകയെന്ന് പരിശീലകന്‍ ചോദിച്ചു. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് പരിചയസമ്പന്നരായ താരങ്ങള്‍ ഇല്ലെന്നും മറ്റ് താരങ്ങള്‍ക്ക് ക്വാളിറ്റിയുണ്ടെന്നും അവരെ പിന്തുണക്കണമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘ഓരോ ടെസ്റ്റ് കഴിയുമ്പോഴും നമ്മുടെ ബൗളര്‍മാരെ വിലയിരുത്താന്‍ തുടങ്ങിയാല്‍ എങ്ങനെയാണ് ബൗളിങ് ആക്രമണം വികസിപ്പിക്കുക? ബുംറയ്ക്കും സിറാജിനും പുറത്ത് ഞങ്ങള്‍ക്ക് അത്ര പരിചയമുള്ള ബൗളര്‍മാരില്ല. എന്നിരുന്നാലും അവര്‍ക്ക് ക്വാളിറ്റിയുണ്ട്, അതുകൊണ്ടാണ് അവര്‍ ഈ ഡ്രസ്സിങ് റൂമില്‍ ഉള്ളത്. ഇത് ഒരു ടൂര്‍ മാത്രമല്ല, അതിനാല്‍ ഞങ്ങള്‍ അവരെ പിന്തുണയ്‌ക്കേണ്ടതുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ വളരെക്കാലം സേവിക്കാന്‍ കഴിയുന്ന ഒരു ഫാസ്റ്റ് ബൗളിങ് യൂണിറ്റ് നിര്‍മിക്കുന്നതിനെക്കുറിച്ചാണിത്,’ ഗംഭീര്‍ പറഞ്ഞു.
ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ ലീഡ് എടുക്കാന്‍ സമ്മതിക്കാതെ ബുംറ ഫൈഫര്‍ നേടിയാണ് മിന്നും പ്രകടനം നടത്തിയത്. പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റുകളും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും നേടിയിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണയും ഷര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റുകള്‍ നേടി. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റും നേടാന്‍ സാധിച്ചു. നിര്‍ണായകമായ രണ്ടാം ഇന്നിങിസില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിയാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ വലഞ്ഞിരുന്നു.
371 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ മിന്നും സെഞ്ച്വറി പ്രകടനത്തിലാണ് ത്രീ ലയണ്‍സ് വിജയതീരത്ത് എത്തിയത്. 170 പന്തില്‍ നിന്ന് 21 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 149 റണ്‍സാണ് താരം നേടിയത്. സാക്ക് ക്രോളി 65 റണ്‍സും നേടിയിരുന്നു. തുടര്‍ന്ന് ജോ റൂട്ടിന്റെയും ജയ്മി സ്മിത്തിന്റെയും മികവിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. റൂട്ട് 53* റണ്‍സും സ്മിത് 44* റണ്‍സുമാണ് നേടിയത്.
Content Highlight: India VS England: Gautham Gambhir Talking About Indian Bowling Unit