ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2 – 1ന് മുന്നിലെത്തി. ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് നാലാം ടെസ്റ്റിനാണ്. ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മികച്ച പ്രകടനമാണ് പരമ്പരയില്‍ കാഴ്ചവെക്കുന്നത്. ഇതുവരെ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 607 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒരു ഡബിള്‍ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ റണ്‍ വേട്ട. ഇതോടെ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമുള്‍പ്പടെ പല റെക്കോഡുകളും താരം സ്വന്തമാക്കിയിരുന്നു.
ഇപ്പോള്‍ ഗില്ലിനെക്കുറിച്ച് സംസാരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ പരിശീലകനും മുന്‍ താരവുമായിരുന്ന ഗാരി കിര്‍സ്റ്റന്‍. ക്യാപ്റ്റന്‍സിയില്‍ ഉയരാന്‍ ഗില്ലിന് മികച്ച സാധ്യതകളുണ്ടെന്നും ശരിയാക്കേണ്ട നിരവധി കാര്യങ്ങളുടെന്നും ഗാരി പറഞ്ഞു. എം.എസ്. ധോണിയെ പോലെ പീപ്പിള്‍സ് മാനേജ്‌മെന്റും താരം നന്നായി കൈകാര്യം ചെയ്താല്‍ മികച്ച ക്യാപ്റ്റനാകാന്‍ ഗില്ലിന് സാധിക്കുമെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.
‘ക്യാപ്റ്റന്‍സിയില്‍ ഗില്ലിന് വലിയ സാധ്യതകളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഒരുപാട് കര്യങ്ങള്‍ ഒത്തുചേരേണ്ട ഒന്നാണ് ക്യാപ്റ്റന്‍സി. കളിയില്‍ അവന്‍ ഒരു മികച്ച ചിന്തകനാണ്. മാത്രമല്ല ഒരു മികച്ച കളിക്കാരന്‍കൂടിയാണ് അവന്‍. എന്നാല്‍ നിങ്ങള്‍ക്ക് ശരിയാക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
ഏതൊരു ക്യാപ്റ്റനേയും പോലെ പീപ്പിള്‍ മാനേജ്‌മെന്റും കൃത്യമായി ചെയ്യേണ്ടതുണ്ട്. ധോണി അതിനൊരു മികച്ച ഉദാഹരണമാണ്. ഗില്ലിന് തന്റെ നേതൃത്വത്തിലെ ആ ഘടകം മെച്ചപ്പെടുത്താന്‍ കഴിയുമെങ്കില്‍ ഇന്ത്യയുടെ മികച്ച ക്യാപ്റ്റനാകാന്‍ അദ്ദേഹത്തിന് എല്ലാ യോഗ്യതകളും ഉണ്ടെന്ന് ഞാന്‍ കരുതുന്നു,’ ഗാരി കിര്‍സ്റ്റന്‍ പറഞ്ഞു.
Content Highlight: India VS England: Gary Kirsten Talking About Indian Captain Shubhman Gill