| Monday, 7th July 2025, 2:10 pm

ജീവിതത്തില്‍ സമ്മര്‍ദങ്ങളുണ്ടാകും, പക്ഷേ ഒരു ടീം ക്യാപ്റ്റനാകുന്നതിന്റെ സമ്മര്‍ദം വ്യത്യസ്തമാണ്: മദന്‍ ലാല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 336 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 271 റണ്‍സിനാണ് പുറത്തായത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇതിന് മുമ്പ് കളിച്ച എട്ടില്‍ ഏഴ് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിങ് കരുത്തിലും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ ബൗളിങ് കരുത്തിലുമാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്.

ഒന്നാം ഇന്നിങ്‌സില്‍ 30 ഫോറും മൂന്ന് സിക്സറും ഉള്‍പ്പടെ 269 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറിയും ഏറ്റവും ഉയര്‍ന്ന സ്‌കോറുമാണിത്. നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ 161 റണ്‍സും ഗില്‍ നേടി.

ഇപ്പോള്‍ ഇന്ത്യന്‍ ടീമിനേയും ക്യാപ്റ്റന്‍ ഗില്ലിനേയും പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ തന്നെയാണ് ആധിപത്യം സൃഷ്ടിച്ചതെന്നും എന്നാല്‍ ആദ്യ ടെസ്റ്റില്‍ മോശം ഫീല്‍ഡിങ് മൂലമാണ് ഇന്ത്യ പരാജയപ്പെട്ടതെന്നും മുന്‍ താരം പറഞ്ഞു. മാത്രമല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച രീതിയില്‍ സമ്മര്‍ദങ്ങള്‍ കൈകാര്യം ചെയ്യുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. ആദ്യത്തേതില്‍ അവര്‍ തോറ്റത് പ്രധാനമായും മോശം ഫീല്‍ഡിങ് മൂലമായിരുന്നു. അല്ലാത്തപക്ഷം അവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ബൗളിങ് വിഭാഗം മികച്ച പ്രകടനം നടത്തി. ഞങ്ങളുടെ ബൗളിങ് ഇംഗ്ലണ്ടിനേക്കാള്‍ വളരെ മികച്ചതായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഞങ്ങള്‍ അല്‍പ്പം ഷോര്‍ട്ട് ബോളുകള്‍ ചെയ്തു. അത് അവര്‍ക്ക് (ഇംഗ്ലണ്ടിന്) ലക്ഷ്യം പിന്തുടരാന്‍ അനുവദിച്ചു.

ശുഭ്മന്‍ ഗില്ലാണ് ഇപ്പോള്‍ നാട്ടില്‍ ചര്‍ച്ചാവിഷയം. അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുന്നു. ഈ പയ്യന്‍ അത്ഭുതപ്പെടുത്തുന്നു. ജീവിതത്തില്‍ സമ്മര്‍ദങ്ങളുണ്ടാകും, പക്ഷേ ഒരു ടീം ക്യാപ്റ്റനാകുന്നതിന്റെ സമ്മര്‍ദം വ്യത്യസ്തമാണ്. നിങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നു, നിങ്ങള്‍ ഫലങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു, അതേ സമയം, നിങ്ങളുടെ സ്വന്തം പ്രകടനം നിങ്ങള്‍ ശ്രദ്ധിക്കണം. രണ്ട് വശങ്ങളും അദ്ദേഹം നന്നായി കൈകാര്യം ചെയ്തു.

പക്ഷേ ഇത് ഗില്ലിനെക്കുറിച്ച് മാത്രമല്ല റിഷബ് പന്ത്, ആദ്യ ടെസ്റ്റിലെ കെ.എല്‍. രാഹുല്‍, ജെയ്‌സ്വാള്‍, ജഡേജ എന്നിവരെക്കുറിച്ചും കൂടിയാണ്. നിങ്ങള്‍ ഇതുപോലെ പ്രകടനം നടത്തുമ്പോള്‍ വിജയിക്കാനുള്ള എല്ലാ അവസരങ്ങളും നിങ്ങള്‍ സ്വയം നല്‍കുന്നു,’ മദന്‍ ലാല്‍ ഐ.എ.എന്‍.എസിനോട് പറഞ്ഞു.

Content Highlight: India VS England: Former Indian Player Madan Lal Talking About India And Shubhman Gill

We use cookies to give you the best possible experience. Learn more