ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് മാഞ്ചസ്റ്ററില്‍ നടക്കുകയാണ്. നിര്‍ണായക ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 358 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്.
സാക് ക്രോളിയോയും (113 പന്തില്‍ 84) ബെന്‍ ഡക്കറ്റിനേയുമാണ് ( 100 പന്തില്‍ 94) ത്രീ ലയണ്‍സിന് തുടക്കത്തില്‍ നഷ്ടമായത്. മികച്ച ഇന്നിങ്‌സ് കളിച്ചാണ് ഇരുവരും കളം വിട്ടത്. ബെന്‍ ഡക്കറ്റ് സെഞ്ച്വറിക്കടുത്ത് എത്തിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ അന്‍ഷുല്‍ കാംബോജാണ് താരത്തെ പുറത്താക്കിയത്. ക്രോളിയെ രവീന്ദ്ര ജഡേജയാണ് കുരുക്കിയത്. നിലവില്‍ ഒല്ലി പോപ്പും (20) ജോ റൂട്ടുമാണ് (11) ക്രീസിലുള്ളത്.
മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഓപ്പണിങ് ബൗള്‍ ചെയ്തത് ജസ്പ്രീത് ബുംറയും അന്‍ഷുല്‍ കാംബോജുമായിരുന്നു. എന്നാല്‍ സിറാജിനെ ഓപ്പണിങ് ബൗളിങ്ങില്‍ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹേമങ് ബദാനി.
പരമ്പരയില്‍ ഇന്ത്യയ്ക്ക് വ്യത്യസ്ത ഓപ്പണിങ് ബൗളര്‍മാരുണ്ടായിരുന്നെന്നും എന്നാല്‍ അന്‍ഷുല്‍ കംബോജിന് പകരം ഇസീനിയര്‍ താരങ്ങളായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമായിരുന്നു തുടങ്ങേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
‘പരമ്പരയില്‍ ഇതുവരെ ഇന്ത്യയ്ക്ക് വ്യത്യസ്ത ഓപ്പണിങ് ബൗളര്‍മാരുടെ കൂട്ടുകെട്ടുകള്‍ ഉണ്ടായിരുന്നു. അന്‍ഷുല്‍ കംബോജിന് പകരം ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമായിരുന്നു തുടങ്ങേണ്ടതെന്നായിരുന്നു എനിക്ക് തോന്നിയത്.
അവര്‍ സീനിയര്‍ ബൗളര്‍മാരാണ്. ആദ്യ മത്സരമായതിനാല്‍ അന്‍ഷുല്‍ സമ്മര്‍ദത്തിലായിരുന്നു. ബുംറയും സിറാജും റണ്‍സ് വറ്റിച്ചു കളഞ്ഞിരുന്നെങ്കില്‍ അന്‍ഷുലിന് ഒരു ആഘാതം സൃഷ്ടിക്കാന്‍ കഴിയുമായിരുന്നു,’ ഹേമങ് ബദാനി പറഞ്ഞു.
ഹേമങ് ദയാലിന്റെ പ്രസ്താവനയോട് മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍.പി. സിങ്ങും യോജിച്ചിരുന്നു. അന്‍ഷുലിന്റെ ആദ്യ മത്സരമായതിനാല്‍ താളം കണ്ടെത്താന്‍ സമയമെടുത്തെന്നാണ് സിങ് പറഞ്ഞത്.
‘അന്‍ഷുല്‍ തന്റെ ആദ്യ ഗെയ്മാണ് കളിക്കുന്നത്. അതിനാല്‍ ശുഭ്മന്‍ ഗില്‍ പുതിയ പന്ത് ബുംറയ്ക്കും സിറാജിനും നല്‍കണമായിരുന്നു. അന്‍ഷുല്‍ താളം കണ്ടെത്താന്‍ സമയമെടുത്തു. ദിവസത്തിലെ തന്റെ മൂന്നാം സ്‌പെല്ലില്‍ അവന്‍ നന്നായി പന്തെറിഞ്ഞു,’ ആര്‍.പി. സിങ് പറഞ്ഞു.
Content Highlight: India VS England: Former Indian cricketers criticize India’s opening bowling