ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ജൂലൈ 10നാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ മൂന്നാം മത്സരം ആരംഭിക്കുക. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് വമ്പന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്. നിലവില്‍ പമ്പരയില്‍ 1-1 എന്ന നിലയിലാണ് ഇരുവരും.
രണ്ടാം മത്സരത്തില്‍ ജയിച്ചാണ് ഇന്ത്യ ഇംഗ്ലണ്ടിനൊപ്പമെത്തിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയിലും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ മിന്നും പ്രകടനത്തിലുമാണ് ഇന്ത്യയുടെ ചരിത്ര വിജയം. 336 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു രണ്ടാം ടെസ്റ്റില്‍ ഇന്ത്യ നേടിയത്.
മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണര്‍ സാക് ക്രോളിക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 19 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ പൂജ്യം റണ്‍സുമാണ് താരം നേടിയത്. ഇപ്പോള്‍ ക്രോളിയെ വിമര്‍ശിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ജെഫ്രി ബോയ്‌ക്കോട്ട്. താരം മെച്ചപ്പെടാന്‍ തയ്യാറാകുന്നില്ലെന്നും താരത്തിന്റെ ബാറ്റിങ് മൈന്‍ഡ് സെറ്റ് നഷ്ടപ്പെട്ടുവെന്നും മുന്‍ താരം പറഞ്ഞു.
മാത്രമല്ല ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്‌സിനെക്കുറിച്ചും ബോയ്‌ക്കോട്ട് പരാമര്‍ശിച്ചു. പ്രായമാകുന്തോറും താരത്തിന്റെ പേസ് നഷ്ടപ്പെടുന്നുണ്ടെന്നും ബാറ്റിങ്ങില്‍ സപ്പോര്‍ട്ടീവാണെങ്കിലും ബാറ്റര്‍മാര്‍ ബാറ്റര്‍മാരുടെ റോളും ബൗളര്‍മാര്‍ ബൗളര്‍മാരുടെ റോളും ചെയ്യേണ്ടതാണ് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അവന് മാറാനോ മെച്ചപ്പെടാനോ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ബാറ്റിങ് ചെയ്യുന്നത് മൈന്‍ഡ് സെറ്റിനെ ആശ്രയിച്ചിരിക്കും, മാത്രമല്ല മൈന്‍ഡ് സെറ്റാണ് അവന്‍ ഏത് ഷോട്ടാണ് കളിക്കേണ്ടതെന്നും ഏത് പന്താണ് ലീവ് ചെയ്യേണ്ടതെന്നും തീരുമാനിക്കുന്നത്. അവന്റെ ടെക്‌നിക്കലും മെന്‍ഡല്‍ ഫ്‌ളോയും നഷ്ടപ്പെട്ടു. അവന്‍ 56 ടെസ്റ്റുകളില്‍ നിന്ന് ഒന്നും തന്നെ പഠിച്ചില്ല. ഒരു മികച്ച ഇന്നിങ്‌സും ഒരുപാട് മോശം ഇന്നിങ്‌സുമാണ് അവനുള്ളത്, 31 എന്ന ആവറേജ് മികച്ചതല്ല.
കളിക്കാര്‍ അവരുടെ മികച്ച പ്രകടനം നഷ്ടപ്പെടുത്തിയാല്‍ അവരെ ടീമില്‍ വെച്ചോണ്ടിരിക്കുന്നത് നല്ലതല്ല. ഉദാഹരണത്തിന് ക്രിസ് വോക്‌സിനെ നോക്കൂ, പ്രായമാകുന്തോറും അവന്റെ പേസ് നഷ്ടപ്പെടുന്നത് മനസിലാക്കാന്‍ സാധിക്കും. അവന്‍ വിദേശത്ത് കോണ്‍സ്റ്റന്റായി വിക്കറ്റ് എടുക്കുന്ന ആളല്ല. അവന്‍ ഇംഗ്ലീഷ് പിച്ചില്‍ എഫക്ടീവാണ്, ബാറ്റിങ്ങിലും സഹായിക്കുന്നു. പക്ഷേ ബാറ്റര്‍മാര്‍ ബാറ്റര്‍മാരുടെ റോളും ബൗളര്‍മാര്‍ ബൗളര്‍മാരുടെ റോളും ചെയ്യേണ്ടതാണ് പ്രധാനം,’ ഡെയ്‌ലി ടെലിഗ്രാഫില്‍ ബോയിക്കോട്ട് എഴുതി.
Content Highlight: India VS England: Former England player Geoffrey Boycott criticizes Zak Crawley and Chris Woakes