| Monday, 7th July 2025, 12:30 pm

ഇന്ത്യയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒരുക്കുന്നത് രണ്ട് ചീറ്റപ്പുലികളെ; ടീമില്‍ മാറ്റം വരുത്താന്‍ ത്രീ ലയണ്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 336 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 271 റണ്‍സിനാണ് പുറത്തായത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇതിന് മുമ്പ് കളിച്ച എട്ടില്‍ ഏഴ് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിങ് കരുത്തിലും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ ബൗളിങ് കരുത്തിലുമാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്.

പരമ്പരയിലെ മൂന്നാം മത്സരം ജൂലൈ 10 മുതല്‍ 14 വരെ ലോഡ്‌സിലാണ് അരങ്ങേറുക. മത്സരത്തില്‍ വിജയിച്ച് പരമ്പരയില്‍ മുന്നിലെത്താനാകും ഇരു ടീമുകളും ലക്ഷ്യമിടുന്നത്. ഇതോടെ ഇംഗ്ലണ്ട് തങ്ങളുടെ സ്‌ക്വാഡില്‍ ചില മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ബൗളിങ് യൂണിറ്റിലേക്ക് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ഗസ് ആറ്റ്കിന്‍സണെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് താരം പുറത്തായിരുന്നു. മാത്രമല്ല പരിക്കില്‍ നിന്ന് മോചിതനായ ജോഫ്ര ആര്‍ച്ചര്‍ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വേണ്ടി കളിക്കാനും സാധ്യതയുണ്ട്.

ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ മാറ്റത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബെന്‍ സ്റ്റോക്‌സ്. എല്ലാവരും എങ്ങനെ മുന്നേറുന്നു എന്നതിനെ അടിസ്ഥാനമാക്കി ഒരു തീരുമാനം എടുക്കേണ്ടി വരുമെന്നും ലോര്‍ഡ്സിലെ മത്സരത്തിനായി എല്ലാവരും പരിഗണനയിലാണെന്നും സ്‌റ്റോക്‌സ് പറഞ്ഞു.

ടെസ്റ്റില്‍ 23 ഇന്നിങ്‌സ് കളിച്ച ആറ്റ്കിങ്‌സണ്‍ 56 മെയ്ഡന്‍ അടക്കം55 വിക്കറ്റുകളാണ് നേടിയത്. 7/45 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. അതേസമയം ആര്‍ച്ചര്‍ ഇംഗ്ലണ്ടിന് വേണ്ടി 24 ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്. ഫോര്‍മാറ്റില്‍ നിന്ന് 95 മെയ്ഡന്‍ ഉള്‍പ്പെടെ 42 വിക്കറ്റുകളാണ് താരം നേടിയത്. മാത്രമല്ല 6/45 എന്ന മികച്ച ബൗളിങ്ങും താരത്തിനുണ്ട്.

‘ഇത് ഒരു പെട്ടെന്നുള്ള വഴിത്തിരിവായതിനാല്‍ ഈ മത്സരത്തിനുശേഷം എല്ലാവരും എങ്ങനെ മുന്നേറുന്നു എന്നതിനെ അടിസ്ഥാനമാക്കി നമ്മള്‍ ഒരു തീരുമാനം എടുക്കേണ്ടി വരും. ലോര്‍ഡ്സിലെ മത്സരത്തിനായി എല്ലാവരും പരിഗണനയിലാണ്. ഞങ്ങള്‍ക്ക് ചില അവിശ്വസനീയമായ വിജയങ്ങളും ചില മോശം തോല്‍വികളും ഉണ്ടായിട്ടുണ്ട്. ടീമിന്റെ ഉയര്‍ച്ച താഴ്ചകളിലെല്ലാം സമനിലയില്‍ തുടരുന്നു.

ഇത് എളുപ്പമാകില്ലെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്ന ഒരു പരമ്പരയില്‍ ഇത് വളരെ പ്രധാനമാണ്…കാരണം ലോര്‍ഡ്സ് ഡേ ഒന്ന് വളരെ വേഗത്തില്‍ വരും. ഫിസിക് ശരിയാക്കാനും സുഖം പ്രാപിക്കാനും ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസങ്ങള്‍ ലഭിക്കും, പെട്ടെന്ന് ഞങ്ങള്‍ നാണയം മറിച്ചിടും,’ സ്റ്റോക്‌സ് പറഞ്ഞു.

മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്‍സണ്‍, ഷൊയിബ് ബഷീര്‍, ജേക്കബ് ബെഥേല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സ്, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടംഗ്, ക്രിസ് വോക്‌സ്

Content Highlight: India VS England: England Will Make A Change In Their Squad In Third Test

We use cookies to give you the best possible experience. Learn more