| Friday, 4th July 2025, 10:42 pm

ഇന്ത്യക്കെതിരെ നാണംകെട്ട റെക്കോഡില്‍ ഇംഗ്ലണ്ട്; ഇന്ത്യന്‍ ചീറ്റകളുടെ കൗണ്ടര്‍ സ്‌ട്രൈക്ക് ഏറ്റു!

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 587 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം പുരോഗമിക്കുമ്പോള്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 407 റണ്‍സിന് ഓള്‍ ഔട്ട് ചെയ്തിരിക്കുകയാണ് ഇന്ത്യ. ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തളച്ചത്. ആറ് വിക്കറ്റുകളാണ് താരം നേടിയത്.

സാക്ക് ക്രോളി (19), ജോ റൂട്ട് (22), ബെന്‍ സ്‌റ്റോക്‌സ് (0), ബ്രൈഡന്‍ കാഴ്‌സ് (0), ജോഷ് ടംഗ് (0), ഷൊയിബ് ബഷീര്‍ (0) എന്നിവരെയാണ് സിറാജ് പുറത്താക്കിയത്. ആകാശ് ദീപിന് നാല് വിക്കറ്റുകളും നേടാന്‍ സാധിച്ചു. സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തിലും ഇന്ത്യ മിന്നും പ്രകടനമാണ് നടത്തിയത്. ബെന്‍ ഡക്കറ്റ് (0), ഒല്ലി പോപ്പ് (0), ക്രിസ് വോക്‌സ് (5) എന്നിവരെ ആകാശ് ദീപാണ് പുറത്താക്കിയത്.

മാത്രമല്ല ഇംഗ്ലണ്ടിന്റെ ആറ് താരങ്ങളെയാണ് സിറാജും ആകാശും ചേര്‍ന്ന് പൂജ്യം റണ്‍സിന് പുറത്താക്കിയത്. ഇതോടെ ഒരു നാണംകെട്ട റെക്കോഡില്‍ എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ ഡക്ക് വിക്കറ്റുകള്‍ വഴങ്ങുന്ന ടീമാകുകയാണ് ഇംഗ്ലണ്ട്. ഈ നേട്ടത്തില്‍ സൗത്ത് ആഫ്രിക്കക്കൊപ്പമാണ് ഇംഗ്ലണ്ട്.

ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ ഡക്ക് വിക്കറ്റുകള്‍ വഴങ്ങുന്ന ടീം, ഡക്ക്‌സ്, വര്‍ഷം

സൗത്ത് ആഫ്രിക്ക – 6 – 1996

ഇംഗ്ലണ്ട് – 6 – 2025

ന്യൂസിലാന്‍ഡ് – 5 – 1988

ശ്രീലങ്ക – 5 – 1990

ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച ജെയ്മി സ്മിത് 184 റണ്‍സ് നേടി പുറത്താകാതെ നിന്നിരുന്നു. ഡബിള്‍ സെഞ്ച്വറിക്ക് അരികിലെത്തിയെങ്കിലും നോണ്‍ സ്‌ട്രൈക്കില്‍ സിറാജും ആകാശും വിക്കറ്റ് കൊയ്യുകയായിരുന്നു. 207 പന്തുകള്‍ കളിച്ച സ്മിത് 21 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് റണ്‍സ് നേടിയെടുത്തത്. താരത്തിനൊപ്പം ഹാരി ബ്രൂക്കും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ഹാരി 234 പന്തില്‍ 17 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 158 റണ്‍സ് നേടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. ആകാശ് ദീപിന്റെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു താരം. 84 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ടിനെ ഇരുവരും കരകയറ്റിയത്. 387 എന്ന സ്‌കോറില്‍ എത്തിച്ചാണ് ബ്രൂക്ക് മടങ്ങിയത്. മാത്രമല്ല 303 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഇരുവരും നേടിയത്.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ 387 പന്തുകള്‍ നേരിട്ട് 269 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. മൂന്ന് സിക്സറും 30 ഫോറും അടങ്ങുന്നതായിരുന്നു നായകന്റെ ഇന്നിങ്സ്. ജഡേജയും നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഏഴാമനായി ഇറങ്ങി ഒരു സിക്സറും പത്ത് ഫോറും ഉള്‍പ്പെടെ 89 റണ്‍സെടുത്തിരുന്നു. അതിന് പുറമെ ഗില്ലിനൊപ്പം 203 റണ്‍സിന്റെ കൂട്ടുകെട്ടും സ്പിന്‍ ഓള്‍ റൗണ്ടര്‍ പടുത്തുയര്‍ത്തിയിരുന്നു.

Content Highlight: India VS England: England In Unwanted Record Achievement In Test Cricket Against India

We use cookies to give you the best possible experience. Learn more