| Monday, 28th July 2025, 9:01 pm

വിശ്വസിക്കാന്‍ കഴിയുന്ന ഒരു സൂപ്പര്‍ സ്റ്റാറിനെയാണ് ലഭിച്ചത്: ദിനേശ് കാര്‍ത്തിക്

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് മത്സരം അവസാനിച്ചിരിക്കുകയാണ്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അവസാന ദിവസം ഇന്ത്യയെ ഓള്‍ഔട്ട് ആക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ബെന്‍ സ്റ്റോക്‌സിനും സംഘത്തിനും സമനില വഴങ്ങേണ്ടി വന്നത്.

അതേസമയം മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ സമനിലയ്ക്ക് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം അവസാനിച്ചപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെയാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം. ദി ഓവലാണ് വേദി.

അതേസമയം പരമ്പരയിലുടനീളം ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനമാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കാഴ്ചവെച്ചത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികവ് പുലര്‍ത്തിയ ഗില്‍ അനേകം റെക്കോഡുകള്‍ തിരുത്തിയാണ് മുന്നേറുന്നത്.

നിലവില്‍ നാല് മത്സരങ്ങളിലെ എട്ട് ഇന്നിങ്‌സില്‍ നിന്ന് 722 റണ്‍സാണ് താരം നേടിയത്. നാല് സെഞ്ച്വറിയും ഒരു ഡബിള്‍ സെഞ്ച്വറിയും ഉള്‍പ്പെടുന്നതാണ് 25കാരന്റെ പ്രകടനം. ഇപ്പോള്‍ ഗില്ലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്.

‘ഒരു യുവ ക്യാപ്റ്റനായിട്ടാണ് ഗില്‍ ടീമിലെത്തിയത്. കാര്യങ്ങള്‍ എങ്ങനെ പുരോഗമിക്കുമെന്ന് ആളുകള്‍ക്ക് ആശങ്കയായിരുന്നു, പക്ഷേ ഒരു ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ നമുക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഒരു സൂപ്പര്‍സ്റ്റാറിനെയാണ് ലഭിച്ചതെന്ന് എനിക്ക് പറയാന്‍ കഴിയും.

കാരണം ഒരു ബാറ്റര്‍ എന്ന നിലയില്‍ അദ്ദേഹം കാണിക്കുന്ന ധൈര്യവും, താന്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ അദ്ദേഹം എത്രമാത്രം ഉറച്ചുനില്‍ക്കുന്നു എന്നതുമാണ് അതിന് കാരണം. അവസാന 10-15 മിനിട്ട്, കാര്യങ്ങള്‍ എങ്ങനെ മാറി മറിഞ്ഞെന്ന് നോക്കൂ, അദ്ദേഹം ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്നു. ‘പുറത്തിറങ്ങൂ, നിങ്ങളുടെ സെഞ്ച്വറികള്‍ നേടൂ’ (ജഡേജയും വാഷിങ്ടണ്‍ സുന്ദറും) എന്ന് പറയുന്ന ഒരു മുഖമായിരുന്നു അത്,’ ദിനേശ് കാര്‍ത്തിക് പറഞ്ഞു.

Content Highlight: India VS England: Dinesh Kartik Praises Indian Captain Shubhman Gill

We use cookies to give you the best possible experience. Learn more