ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2 – 1ന് മുന്നിലെത്തി. ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് നാലാം ടെസ്റ്റിനാണ്. ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ നാലാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമോ എന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. താരം ലഭ്യമായേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ബി.സി.സി.ഐ താരത്തെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റും നല്‍കിയിട്ടില്ല.
രണ്ടാം ടെസ്റ്റില്‍ നിന്ന് ബുംറ ജോലിഭാരത്തെ തുടര്‍ന്ന് കളിച്ചിരുന്നില്ല. ഇപ്പോള്‍ താരത്തെ വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍. ബുംറയ്ക്ക് വിശ്രമം നല്‍കരുതെന്നാണ് മുന്‍ താരത്തിന്റെ വാദം. വിദേശ ടെസ്റ്റുകളില്‍ ബുംറയെ തെരഞ്ഞെടുത്താല്‍ എല്ലാ ടെസ്റ്റും താരം കളിക്കണമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. റെവ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യക്കായി കളിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ആദ്യ ടെസ്റ്റിന് ശേഷം ഏഴോ എട്ടോ ദിവസത്തെ ഇടവേള ഉണ്ടായിരുന്നിട്ടും ബുംറയെ രണ്ടാം ടെസ്റ്റില്‍ കളിപ്പിച്ചില്ല. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. കളിക്കാരന്റെ ഇഷ്ടത്തിനനുസരിച്ചല്ല ടെസ്റ്റുകള്‍ കളിക്കേണ്ടത്. കായികക്ഷമതയില്ലാത്തവരെ വിദേശ പരമ്പരകള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തരുത്.
ബുംറ ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ്. ഇന്ത്യക്ക് വേണ്ടി മത്സരങ്ങള്‍ ജയിപ്പിക്കാന്‍ കഴിവുള്ള താരമാണവന്‍. അതിനാല്‍ വിദേശ പരമ്പരയില്‍ അവനെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ എല്ലാ മത്സരങ്ങളും കളിക്കണം,’ ദിലീപ് വെങ്‌സര്‍ക്കാര്‍.
അതേസമയം പരമ്പരയില്‍ ഇതുവരെ രണ്ട് ഫൈഫര്‍ ഉള്‍പ്പെടെ 12 വിക്കറ്റുകളാണ് രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ബുംറ നേടിയത്. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ബുംറ കളത്തിലിറങ്ങുകയാണെങ്കില്‍ ഇന്ത്യയ്ക്ക് കരുത്ത് കൂടും.
ഇതിനെല്ലാം പുറമെ നാലാം ടെസ്റ്റിന് മുന്നോടിയായ പരിശീലനത്തില്‍ ഇന്ത്യന്‍ ഇടംകയ്യന്‍ പേസര്‍ ആകാശ് ദീപിന് പരിക്ക് പറ്റിയെന്ന റിപ്പോര്‍ട്ടുകളും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രണ്ടാം ടെസ്റ്റില്‍ ബുംറയ്ക്ക് പകരക്കാരനായി എത്തിയ ആകാശ് ദീപ് ഒരു ഫൈഫര്‍ ഉള്‍പ്പെടെ 10 വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ലോര്‍ഡ്‌സില്‍ ഒരു വിക്കറ്റാണ് താരത്തിന് നേടാന്‍ സാധിച്ചത്. നിലവില്‍ ആകാശിന്റെ പരിക്കിന്റെ വ്യാപ്തിയെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.
Content Highlight: India VS England: Dilip Vengsarkar Criticize Jasprit Bumrah