| Sunday, 22nd June 2025, 6:48 am

സെഞ്ച്വറിയുമായി പന്ത്, ട്രിപ്പിള്‍ സ്‌ട്രൈക്കുമായി ബുംറ, തിരിച്ചടിച്ച് ഇംഗ്ലണ്ട്; കളി മുറുകുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരം ലീഡ്‌സില്‍ തുടരുന്നു. മത്സരത്തിന്റെ രണ്ടാം ദിവസം ഇന്ത്യയെ പുറത്താക്കി ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചിരിക്കുകയാണ്. രണ്ടാം ദിവസം തന്നെ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ ആതിഥേയരെ സമ്മര്‍ദത്തിലാക്കാന്‍ ഒരുങ്ങുന്നത്.

സ്‌കോര്‍ (രണ്ടാം ദിവസം അവസാനിക്കുമ്പോള്‍)

ഇന്ത്യ: 471 (113)

ഇംഗ്ലണ്ട്: 209/3 (49)

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം ആരംഭിച്ചത്. രണ്ടാം ദിവസം 20 റണ്‍സ് കൂടി സ്വന്തമാക്കിയ ശേഷം ക്യാപ്റ്റന്‍ പുറത്തായി. 227 പന്ത് നേരിട്ട് 147 റണ്‍സുമായാണ് ശുഭ്മന്‍ ഗില്‍ പുറത്തായത്.

എട്ട് വര്‍ഷത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ കരുണ്‍ നായര്‍ നിരാശപ്പെടുത്തി. നാല് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെ സൂപ്പര്‍ താരം മടങ്ങി.

കരുണിന് പിന്നാലെ റിഷബ് പന്തിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. എന്നാല്‍ പുറത്താകും മുമ്പ് തന്നെ പന്ത് കരിയറിലെ മറ്റൊരു സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. തന്റെ ട്രേഡ് മാര്‍ക് ഷോട്ടുകളും ഐക്കോണിക് സെലിബ്രേഷനുമായി വൈസ് ക്യാപ്റ്റന്‍ ആരാധകരുടെ മനം കവര്‍ന്നു. 178 പന്ത് നേരിട്ട് 134 റണ്‍സുമായാണ് പന്ത് തിരിച്ചുനടന്നത്. ജോഷ് ടംഗിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു പന്തിന്റെ മടക്കം.

പിന്നാലെയെത്തിയവര്‍ക്കൊന്നും ചെറുത്തുനില്‍ക്കാന്‍ പോലും സാധിക്കാതെ വന്നതോടെ ഇന്ത്യ 471ന് പുറത്തായി.

ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ജോഷ് ടംഗും നാല് വിക്കറ്റ് വീതം സ്വന്തമാക്കി. ഷോയ്ബ് ബഷീറും ബ്രൈഡന്‍ കാര്‍സുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ബുംറയെറിഞ്ഞ ഓവറിലെ അവസാന പന്തില്‍ കരുണ്‍ നായരിന് ക്യാച്ച് നല്‍കി സാക്ക് ക്രോളി മടങ്ങി. നാല് റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്.

എന്നാല്‍ വണ്‍ ഡൗണായെത്തിയ വൈസ് ക്യാപ്റ്റന്‍ ഒലി പോപ്പിനൊപ്പം ചേര്‍ന്ന് ബെന്‍ ഡക്കറ്റ് രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിന് അടിത്തറയൊരുക്കി. ടീം സ്‌കോര്‍ 126ല്‍ നില്‍ക്കവെ ബെന്‍ ഡക്കറ്റിനെ കൂടാരം കയറ്റി ജസ്പ്രീത് ബുംറ വീണ്ടും ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. 94 പന്തില്‍ 62 റണ്‍സുമായാണ് ഡക്കറ്റ് മടങ്ങിയത്.

മോഡേണ്‍ ഡേ ലെജന്‍ഡ് ജോ റൂട്ടാണ് ശേഷം ക്രീസിലെത്തിയത്. റൂട്ടിനെ ഒപ്പം കൂട്ടി പോപ്പ് വീണ്ടും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മൂന്നാം വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇരുവരും ചേര്‍ന്ന്  ഇന്നിങ്‌സ് കെട്ടിപ്പൊക്കുന്നതിനിടെ രക്ഷകനായി ബുംറ ഒരിക്കല്‍ക്കൂടി അവതരിച്ചു. 58 പന്തില്‍ 28 റണ്‍സടിച്ച റൂട്ടിനെ സ്ലിപ്പില്‍ കരുണിന്റെ കൈകളിലെത്തിച്ച് സൂപ്പര്‍ പേസര്‍ തിളങ്ങി.

ഒടുവില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 എന്ന നിലയില്‍ ഇംഗ്ലണ്ട് ബാറ്റിങ് തുടരുകയാണ്. 131 പന്തില്‍ 100 റണ്‍സുമായി ഒലി പോപ്പും 12 പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെ ഹാരി ബ്രൂക്കുമാണ് ക്രീസില്‍.

Content Highlight: India vs England: Day 2 Updates

We use cookies to give you the best possible experience. Learn more