ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സന്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ദി ഓവലില്‍ നടക്കുകയാണ്. മത്സരത്തിലെ ഒന്നാം ദിനം അവസാനിച്ചപ്പോള്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 204 എന്ന നിലയിലാണ്. ഗറ്റ് ആറ്റ്കിന്‍സനും ജോഷ് ടോങ്ങും ക്രിസ് വോക്‌സും അണിനിരന്ന ഇംഗ്ലണ്ടിന്റെ പേസ് ആക്രമണത്തില്‍ തകരുകയായിരുന്നു ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍.
എന്നാല്‍ മത്സരത്തിലെ രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് ഒരു ആശ്വാസകരമായ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ ക്രിസ് വോക്‌സ് കളിക്കില്ലെന്നാണ് ക്രിക്കറ്റ് ഇംഗ്ലണ്ട് അറിയിച്ചത്. ഓവല്‍ ടെസ്റ്റിലെ ആദ്യ ദിവസം ഷോള്‍ഡറിനേറ്റ പരിക്ക് കാരണമാണ് താരത്തിന് മാറി നില്‍ക്കേണ്ടി വന്നത്. താരത്തിന്റെ പകരക്കാരനെ ഇംഗ്ലണ്ട് പുറത്ത് വിട്ടിട്ടില്ല.
‘ഇന്ത്യയ്ക്കെതിരായി ഓവലില്‍ മത്സരത്തിന്റെ ആദ്യ ദിവസം ഇടതു തോളിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ശേഷിക്കുന്ന മത്സരത്തിലുടനീളം ഇംഗ്ലണ്ട് സീമര്‍ ക്രിസ് വോക്സ് നിരീക്ഷണത്തില്‍ തുടരും. പരിക്കിനെതിനെതുടര്‍ന്ന് അദ്ദേഹത്തെ ടെസ്റ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു,’ ക്രിക്കറ്റ് ഇംഗ്ലണ്ട് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
മത്സരത്തിന്റെ ആദ്യ ദിനം 14 ഓവറുകളില്‍ നിന്ന് ഒരു മെയ്ഡനും 46 റണ്‍സും വഴങ്ങി ഒരു വിക്കറ്റാണ് വോക്‌സ് നേടിയത്. ഓപ്പണര്‍ കെ.എല്‍. രാഹുലിനെയാണ് താരം പുറത്താക്കിയത്.
യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. നിലവില്‍ ക്രീസിലുള്ളത് കരുണ്‍ നായരും (52*), വാഷിങ്ടണ്‍ സുന്ദറുമാണ് (19*). വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് സ്‌കോര്‍ ഉയര്‍ത്തേണ്ടതും വിക്കറ്റുകള്‍ സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. സമ്മര്‍ദ ഘട്ടത്തില്‍ കരുണ്‍ നായര്‍ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്
സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ജെയ്മി സ്മിത്ത്( വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ഗസ് ആറ്റ്കിന്‍സണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ജോഷ് ടങ്
Content Highlight: India VS England: Chris Woakes Ruled Out In Fifth Test Against India