ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഹെഡിങ്ലിയില്‍ നടക്കുകയാണ്. മത്സരത്തിലെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയിട്ടുണ്ട്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സാണ് ഇന്ത്യ എടുത്തിട്ടുള്ളത്. നിലവില്‍ 75 പന്തില്‍ 47 റണ്‍സെടുത്ത കെ.എല്‍. രാഹുലും 10 പന്തുകള്‍ നേരിട്ട് ആറ് റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് ക്രീസിലുള്ളത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 471 റണ്‍സാണ് നേടിയത്. തുടര്‍ ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 465ല്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തു. ഇംഗ്ലണ്ടിന് വേണ്ടി എട്ടാമനായി ഇറങ്ങിയ ക്രിസ് വോക്‌സ് 55 പന്തില്‍ നിന്ന് രണ്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 38 റണ്‍സ് നേടിയിരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു.
ടെസ്റ്റില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് വോക്‌സിന്‍ സാധിച്ചത്. ഇതിന് പുറമെ മറ്റൊരു റെക്കോഡ് ലിസ്റ്റിലും വോക്‌സ് തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ 2000 പ്ലസ് റണ്‍സും 150 പ്ലസ് വിക്കറ്റും നേടുന്ന ആറാമത്തെ താരമാകാനാണ് വോക്‌സിന് സാധിച്ചത്. ഈ ലിസ്റ്റില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ഒന്നാം സ്ഥാനത്തുള്ളത്.
ബെന്‍ സ്‌റ്റോക്‌സ് – 6748 – 217
ഇയാന്‍ ബോതം – 5200 – 383
ആന്‍ട്രൂ ഫ്‌ളിന്റോഫ് – 3795 – 213
സ്റ്റുവര്‍ട്ട് ബ്രോഡ് – 3662 – 604
മൊയീന്‍ അലി – 3094 – 204
ക്രിസ് വോക്‌സ് – 2008 – 181
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്സില്‍ മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ഫൈഫര്‍ നേടിയാണ് സ്റ്റാര്‍ പേസര്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. സാക്ക് ക്രോളി (4 റണ്‍സ്), ബെന്‍ ഡക്കറ്റ് (62), ജോ റൂട്ട് (28), ക്രിസ് വോക്‌സ് (38), ജോഷ് ടംഗ് (11) എന്നിവരെയാണ് ബുംറ പുറത്താക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി പോപ്പ് 137 പന്തില്‍ 106 റണ്‍സും ഹാരി ബ്രൂക്ക് 112 പന്തില്‍ നിന്ന് 99 റണ്‍സും നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. മാത്രമല്ലഓപ്പണര്‍ ബെന്‍ ഡക്കറ്റ് 94 പന്തില്‍ നിന്ന് 62 റണ്‍സും നേടി.
Content Highlight: India VS England: Chris Woakes Achieve Great Record For England