| Friday, 11th July 2025, 3:11 pm

പുറത്താക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള താരം റൂട്ടാണ്: ചേതേശ്വര്‍ പൂജാര

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ലോര്‍ഡ്സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 251 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

സാക്ക് ക്രോളി (43 പന്തില്‍ 18), ബെന്‍ ഡക്കറ്റ് (40 പന്തില്‍ 23), ഒലി പോപ്പ് (104 പന്തില്‍ 44), ഹാരി ബ്രൂക് (20 പന്തില്‍ 11) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിവസം ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യയ്ക്ക് വേണ്ടി നിതീഷ് കുമാര്‍ റെഡ്ഡി രണ്ടും ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

191 പന്തില്‍ 99 റണ്‍സുമായി ജോ റൂട്ടും 102 പന്തില്‍ 39 റണ്‍സുമായി ബെന്‍ സ്റ്റോക്സുമാണ് നിലവില്‍ ത്രീ ലയണ്‍സിന് വേണ്ടി ക്രീസിലുള്ളത്. വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോളും ഇംഗ്ലണ്ടിനെ സമ്മര്‍ദ ഘട്ടങ്ങളില്‍ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നത് മാസ്റ്റര്‍ ക്ലാസ് ബാറ്റര്‍ റൂട്ടിന്റെ പ്രകടനമാണ്. മത്സരത്തില്‍ കമന്റേറ്ററായിരുന്ന മുന്‍ ഇന്ത്യന്‍ താരവും ടെസ്റ്റ് പ്ലെയറുമായ ചേതേശ്വര്‍ പൂജാര റൂട്ടിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു.

ഇന്നിങ്‌സിന്റെ ആദ്യവസാനം റൂട്ട് മികച്ച രീതിയില്‍ ബാറ്റ് ചെയ്‌തെന്നും പുറത്താക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള താരമാണ് റൂട്ടെന്നും പൂജാര പറഞ്ഞു. മാത്രമല്ല മത്സരത്തില്‍ ഇംഗ്ലണ്ടിന് ആദ്യത്തെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ റൂട്ട് പാര്‍ടണര്‍ഷിപ്പ് തുടര്‍ന്നെന്നും ഒല്ലി പോപ്പിനൊപ്പവും റൂട്ട് റണ്‍സ് സ്‌കോര്‍ ചെയ്‌തെന്നും കമന്റേറ്റര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്നിങ്‌സിന്റെ ആദ്യവസാനം അദ്ദേഹം മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. താനൊരു മികച്ച കളിക്കാരനാണെന്ന് റൂട്ട് വീണ്ടും തെളിയിക്കുന്നു. പുറത്താക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള താരം അവനാണ്. ഏഴ് സെഞ്ച്വറികളാണ് റൂട്ട് ലോര്‍ഡ്‌സില്‍ നേടിയത്.

ഇംഗ്ലണ്ടിന്റെ മറ്റാരും അത് നേടിയില്ല. ആദ്യത്തെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ പാര്‍ടണര്‍ഷിപ്പ് തുടരണമെന്ന് അദ്ദേഹം മനസിലാക്കി. ഒല്ലി പോപ്പിനൊപ്പവും റൂട്ട് റണ്‍സ് സ്‌കോര്‍ ചെയ്തു. ഇംഗ്ലണ്ടിലും ഉപഭൂഖണ്ഡങ്ങളിലും അദ്ദേഹം ഇന്ത്യക്കെതിരെ റണ്‍സ് നേടി. എതിരാളികളെയും സാഹചര്യങ്ങളെയും നിങ്ങള്‍ ബഹുമാനിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങില്‍ സംന്തോഷമുണ്ട്,’ പൂജാര പറഞ്ഞു.

ലോര്‍ഡ്‌സില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ട റൂട്ട് ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റില്‍ 3000 റണ്‍സ് നേടുന്ന ആദ്യത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. മാത്രമല്ല സെഞ്ച്വറി നേട്ടത്തോടെ റൂട്ട് പല റെക്കോഡുകളും കീഴടക്കുമെന്നും ഉറപ്പാണ്.

Content Highlight: India VS England: Cheteshwar Pujara Talks About Joe Root

We use cookies to give you the best possible experience. Learn more