ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് മാഞ്ചസ്റ്ററില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിലവില്‍ മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് നേടിയത്.
കെ.എല്‍. രാഹുല്‍ (98 പന്തില്‍ 46), യശസ്വി ജെയ്‌സ്വാള്‍ (107 പന്തില്‍ 58), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (23 പന്തില്‍ 12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. രാഹുലിനെ ക്രിസ് വോക്‌സും ജെയ്‌സ്വാളിനെ ലിയാം ഡോവ്‌സണും പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സാണ് ഇന്ത്യന്‍ നായകനെ മടക്കിയത്.
അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്താണ് ക്രീസിലെത്തിയത്. സായ് സുദര്‍ശനൊപ്പം ഇന്നിങ്സ് കെട്ടിപ്പടുക്കവെ താരം റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. കാല്‍വിരലില്‍ പന്തടിച്ചുകൊണ്ടാണ് പന്ത് മടങ്ങിയത്. 48 പന്തില്‍ 37 റണ്‍സുമായി മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തവെയായിരുന്നു പന്തിന്റെ നിര്‍ഭാഗ്യകരമായ പുറത്താകല്‍.
ആദ്യ ദിനം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയാണ് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ കളം വിട്ടത്. ഒരു സിക്‌സും 10 ഫോറും ഉള്‍പ്പെടെയായിരുന്നു താരം 58 റണ്‍സ് നേടിയത്. ഇപ്പോള്‍ താരത്തിന് നിര്‍ദേശവുമായി എത്തിയിരിക്കുതയാണ് ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ചേതേശ്വര്‍ പൂജാര. ജെയ്‌സ്വാള്‍ മികച്ച താരമാകുമെന്നും താരം ഇംഗ്ലണ്ടിനെതിരെ മികച്ച ഇന്നിങ്‌സ് കളിച്ചെന്നും പൂജാര പറഞ്ഞു. എന്നല്‍ തന്റെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ സമ്മര്‍ദ ഘട്ടങ്ങളില്‍ നന്നായി പ്രധിരോധിക്കണമെന്നും പൂജാര കൂട്ടിച്ചേര്‍ത്തു.
‘അവന്‍ ഒരു മികച്ച കളിക്കാരനാകും. കെ.എല്‍. രാഹുല്‍ വളരെക്കാലമായി ഇത്തരം പ്രകടനം നടത്തുന്നുണ്ട്. പക്ഷേ ജെയ്സ്വാള്‍ ബാറ്റ് ചെയ്ത രീതി മികച്ചതായിരുന്നു. ബോളിന് സ്വിങ് ഉണ്ടായിരുന്നു. പക്ഷേ ജെയ്സ്വാള്‍ തന്റെ മികച്ച രീതിയില്‍ തന്റെ ഇന്നിങ്‌സ് കളിച്ചു. അവന്‍ പന്ത് ലീവ് ചെയ്യുകയും ഡിഫന്റ് ചെയ്യുകയും ചെയ്തു.
അവന്‍ തന്റെ കളിയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു ലക്ഷ്യത്തോടെയാണ് ബാറ്റ് ചെയ്യുന്നത്. ജയ്സ്വാള്‍ തന്റെ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്. സാഹചര്യങ്ങള്‍ സമ്മര്‍ദത്തിലാകുമ്പോള്‍ അവന്‍ ഒരുപാട് പ്രതിരോധിക്കേണ്ടിവരും. ജെയ്സ്വാള്‍ തന്റെ കളിയില്‍ ഈ വശം കൂടി ചേര്‍ത്താല്‍, അവന്‍ ഒരുപാട് മുന്നോട്ട് പോകും,’ പൂജാര പറഞ്ഞു.
Content Highlight: India VS England: Cheteshwar Pujara Talking About Yashasvi Jaiswal