വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടുകയാണ്. ഹീഡിങ്‌ലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ യശസ്വി ജെയ്‌സ്വാളും കെ.എല്‍. രാഹുലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്.
ഇന്ത്യ 91 റണ്‍സ് നേടിയരിക്കെ മികച്ച ഫോമിലായിരുന്ന രാഹുല്‍ ബ്രൈഡന്‍ കാഴ്‌സ് ഓഫ് സൈഡില്‍ എറിഞ്ഞ പന്തില്‍ സൈഡ് എഡ്ജായി സ്ലിപ്പിലുണ്ടായിരുന്ന ജോ റൂട്ടിന് ക്യാച്ച് നല്‍കി പുറത്തായിരുന്നു. 78 പന്തില്‍ നിന്ന് എട്ട് ഫോര്‍ ഉള്‍പ്പെടെ 42 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്.
രാഹുലിന്റെ വിക്കറ്റിന് ശേഷം കളത്തിലിറങ്ങിയ അരങ്ങേറ്റക്കാരന്‍ സായി സുദര്‍ശന്‍ ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തുന്ന പ്രകടനവുമായാണ് പുറത്തായത്. വെറും നാല് പന്തുകള്‍ കളിച്ച് പൂജ്യം റണ്‍സിനാണ് താരം പുറത്തായത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ ഫ്‌ളിക്കിന് ശ്രമിക്കുന്നതിനിടയില്‍ സൈഡ് എഡ്ജായി കീപ്പര്‍ ജെയ്മി സ്മിത്തിന്റെ കയ്യിലാകുകയായിരുന്നു സായി.
അരങ്ങേറ്റക്കാരന്‍ സായിക്ക് ഇന്ത്യന്‍ ക്യാപ്പ് നല്‍കിയത് ക്രിക്കറ്റ് ലെജന്റ് ചേതേശ്വര്‍ പൂജാരയായിരുന്നു. ഇപ്പോള്‍ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് പൂജാര. സായ് ഡക്കായത് അല്‍പ്പം നിര്‍ഭാഗ്യകരമാണെന്നും യുവതാരത്തിന് സമയം നല്‍കണമെന്നും പൂജാര പറഞ്ഞു.
‘ഇത് അല്‍പ്പം നിര്‍ഭാഗ്യകരമായിരുന്നു. നിങ്ങള്‍ അവന് സമയം നല്‍കണം. ആത്മവിശ്വാസമുള്ള കളിക്കാരനാണവന്‍, നമ്മള്‍ അവനെ വിമര്‍ശിക്കരുത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആദ്യ ഇന്നിങ്സായതിനാല്‍ സായിക്ക് ടെന്‍ഷനുണ്ടായിരുന്നു. ആദ്യ രണ്ട് ടെസ്റ്റില്‍ പരാജയപ്പെട്ടാലും അവന് കൂടുതല്‍ റണ്‍സ് നേടേണ്ടതുണ്ട്,’ ചേതേശ്വര്‍ പൂജാര പറഞ്ഞു.
നിലവില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളും ശുഭ്മന്‍ ഗില്ലുമാണ്. 120 പന്തില്‍ നിന്ന് ഒരു സിക്‌സും 12 ഫോറും ഉള്‍പ്പെടെ 78 റണ്‍സ് നേടിയാണ് ജെയ്‌സ്വാള്‍ മികവ് പുലര്‍ത്തുന്നത്. അതേസമയം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 54 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടെ 47 റണ്‍സും നേടിയിട്ടുണ്ട്.
കെ.എല്‍. രാഹുല്‍, യശസ്വി ജെയ്സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയ്ബ് ബഷീര്‍.
Content Highlight: India VS England: Cheteshwar Pujara Supports Sai Sudharsan