| Monday, 14th July 2025, 11:14 am

ബാറ്റര്‍, ബൗളര്‍, ഫീല്‍ഡര്‍ എന്നീ നിലയില്‍ അവന്റേത് മികച്ച പ്രകടനം; ഇംഗ്ലണ്ട് താരത്തെക്കുറിച്ച് പൂജാര

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ മൂന്നാം മത്സരം ലോര്‍ഡ്സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ 192 റണ്‍സിന് ഓള്‍ ഔട്ട് ചെയ്ത ഇന്ത്യ വിജയം ലക്ഷ്യമാക്കിയാണ് കുതിക്കുന്നത്. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിനോ ഇന്ത്യയ്ക്കോ ലീഡ് നേടാന്‍ സാധിച്ചിരുന്നില്ല.

രണ്ടാം ഇന്നിങ്‌സില്‍ തുടര്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സാണ് നേടിയത്. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് 33 റണ്‍സ് നേടിയ കെ.എല്‍ രാഹുലാണ്. മൂന്നാം ടെസ്റ്റില്‍ വിജയം നേടാനും പരമ്പരയില്‍ ആധിപത്യം പുലര്‍ത്താനും ഇന്ത്യയ്ക്ക് ഇനി വേണ്ടത് 135 റണ്‍സ് മാത്രമാണ്.

മത്സരത്തിലെ നാലാം ദിവസം ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത് യശസ്വി ജെയ്സ്വാളിനെയാണ്. പൂജ്യം റണ്‍സിന് ജോഫ്ര ആര്‍ച്ചറാണ് താരത്തെ പുറത്താക്കിയത്. കരുണ്‍ നായര്‍ 14 റണ്‍സിനും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആറ് റണ്‍സിനും പുറത്തായത് വലിയ തരിച്ചടിയായിരുന്നു. ബ്രൈഡന്‍ കാഴ്സിക്കാണ് ഇരുവരുടേയും വിക്കറ്റ്. ശേഷം ഇറങ്ങിയ ആകാശ് ദീപിനെ ഒരു റണ്‍സിന് ബെന്‍ സ്റ്റോക്സും മടക്കിയയച്ചു.

മത്സരത്തില്‍ കമന്റേറ്ററായിരുന്ന ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു. ബാറ്റര്‍, ബൗളര്‍, ഫീല്‍ഡര്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് സ്റ്റോക്‌സ് കാഴ്ചവെക്കുന്നതെന്ന് പൂജാര പറഞ്ഞു. മാത്രമല്ല മറ്റ് ഇംഗ്ലണ്ട് താരങ്ങള്‍ ക്ഷീണിക്കുമ്പോള്‍ സ്‌റ്റോക്‌സ് ക്ഷീണിതനാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബാറ്റര്‍, ബൗളര്‍, ഫീല്‍ഡര്‍ എന്നീ നിലകളില്‍ സ്‌റ്റോക്‌സ് മികച്ച ഊര്‍ജ്ജമാണ് ടീമില്‍ കൊണ്ടുവരുന്നത്. അവന്‍ ഒരിക്കലും ക്ഷീണിക്കുന്നില്ല. മറ്റ് ഇംഗ്ലണ്ട് താരങ്ങളെല്ലാം ക്ഷീണിതരായേക്കാം. പക്ഷേ സ്റ്റോക്‌സ് അങ്ങനെയല്ല. കളിക്കളത്തില്‍ കഴിവിന്റെ പരമാവധി അവന്‍ നല്‍കും. കൂടാതെ ഒരു സമ്പൂര്‍ണ ഓള്‍റൗണ്ടറുമാണവന്‍. കളി കഴിഞ്ഞാല്‍ സ്റ്റോക്‌സ് ഓഫാകാന്‍ സാധ്യതയുണ്ട്. കളിയില്‍ പുനരധവാസവും പ്രധാനമാണ്. അടുത്ത മത്സരത്തിനായി തയ്യാറെടുക്കേണ്ടതുണ്ട്,’ പൂജാര പറഞ്ഞു.

അതേസമയം മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോററായ ജോ റൂട്ട് തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും ടീമിന്റെ ടോപ് സ്‌കോറര്‍. 96 പന്തില്‍ 40 റണ്‍സാണ് റൂട്ട് നേടിയത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 96 പന്ത് നേരിട്ട് 33 റണ്‍സും സ്വന്തമാക്കി.

നാല് വിക്കറ്റ് നേടിയ വാഷിങ്ടണ്‍ സുന്ദറിന്റെ കരുത്തിലാണ് നാലാം ദിവസം തന്നെ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ജെയ്മി സ്മിത്, ഷോയബ് ബഷീര്‍ എന്നിവരുടെ വിക്കറ്റുകളാണ് സുന്ദര്‍ പിഴുതെറിഞ്ഞത്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആകാശ് ദീപും നിതീഷ് കുമാര്‍ റെഡ്ഡിയും ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കി.

Content Highlight: India VS England: Cheteshwar Pujara Praises England Captain Ben Stokes

We use cookies to give you the best possible experience. Learn more