ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്. ഇതോടെ ഇരു ടീമുകളും വലിയ തയ്യാറെടുപ്പിലാണ്.
മാത്രമല്ല ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയില്ലാതെ കളത്തിലിറങ്ങുന്ന ഇന്ത്യയ്ക്ക് രണ്ടാം മത്സരം നിര്‍ണായകമാണ്. ഇതോടെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും കാര്യങ്ങള്‍ എളുപ്പമാകില്ല. വിരാട് കോഹ്‌ലിയുടേയും രോഹിത് ശര്‍മയുടേയും വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റില്‍ മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ വലിയ പ്രതീക്ഷയിലാണ് ഇന്ത്യ.
ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ സീനിയര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 11 റണ്‍സ് നേടി പുറത്തായ ജഡേജയ്ക്ക് വിക്കറ്റൊന്നു നേടാന്‍ സാധിച്ചില്ല. രണ്ടാം ഇന്നിങ്‌സില്‍ 25 റണ്‍സ് നേടി പുറത്താകാതെ നിന്നെങ്കിലും ടീം ഓള്‍ ഔട്ടിലേക്ക് കൂപ്പുകുത്തി. മാത്രമല്ല നിര്‍ണായകമായ ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
ഇപ്പോള്‍ ജഡേജയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹാഡ്ഡിന്‍. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മികവ് പുലര്‍ത്താന്‍ കഴിയുമെങ്കിലും ടീമില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഇടംകയ്യന്‍ സ്പിന്നറാണ് ജഡേജയെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ബ്രാഡ് പറഞ്ഞു. മാത്രമല്ല മികച്ച ഓള്‍റൗണ്ടറാണെങ്കിലും ഫലപ്രദമായി കളിക്കാന്‍ ജഡേജയ്ക്ക് കഴിയുന്നില്ലെന്നും ആക്രമണ മനോഭാവം ഇല്ലെങ്കില്‍ പരാജയപ്പെടേണ്ടി വരുമെന്നും മുന്‍ താരം സൂചിപ്പിച്ചു.
‘രവീന്ദ്ര ജഡേജയുടെ തകര്‍ച്ച നമ്മള്‍ കാണുന്നുണ്ടോ? അതെ, ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അവന്‍ മികച്ചവനാണ്. ഇന്ത്യയില്‍ ഇടംകയ്യന്‍ സ്പിന്‍ കളിക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടാണ്, പക്ഷേ ഇവിടെ സ്പിന്‍ ബൗളിങ്ങിന്റെ കാര്യം നോക്കുമ്പോള്‍ ടീമില്‍ ഉണ്ടായിരിക്കേണ്ട ഏറ്റവും നല്ല ഓപ്ഷന്‍ ജഡേജയാണെന്ന് ഞാന്‍ കരുതുന്നില്ല.
ജഡേജയ്ക്ക് ഫലപ്രദമായി കളിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അവനൊരു നല്ല ഓള്‍റൗണ്ടറാണ്, അദ്ദേഹത്തിന് രണ്ടാം സ്പിന്നറായി കളിക്കാനും മറുവശത്ത് പിടിച്ചുനില്‍ക്കാനും കഴിയും. അവര്‍ കുറച്ച് ആക്രമണ രീതിയില്‍ കളിക്കണമെന്ന് എനിക്ക് തോന്നുന്നു. അല്ലെങ്കില്‍ അനുഭവപരിചയമില്ലാത്ത ബൗളര്‍മാരുള്ള ഒരു ടെസ്റ്റ് മത്സരം തോല്‍ക്കേണ്ടിവരും, അതുമല്ലെങ്കില്‍ അവരുടെ മനോഭാവം മാറ്റണമെന്നും ഞാന്‍ കരുതുന്നു,’ ഹാഡിന്‍ വില്ലോ ടോക്ക് പോഡ്കാസ്റ്റില്‍ അഭിപ്രായപ്പെട്ടു.
ആദ്യ ടെസ്റ്റില്‍ ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. കൂടാതെ കരുത്തില്ലാത്ത ലോവര്‍ ഓര്‍ഡറും ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് വിനയായിരുന്നു. ഇതോടെ ആദ്യ ടെസ്റ്റിലെ പിഴവുകള്‍ തിരുത്തി ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: India VS England: Brad Haddin Talking About Ravindra Jadeja