| Monday, 9th June 2025, 9:20 am

ഷെയ്ന്‍ വോണിനെപ്പോലെ ബൗള്‍ ചെയ്യാന്‍ കഴിയും, ഇംഗ്ലണ്ടില്‍ അവന്‍ വിജയിക്കും; തുറന്ന് പറഞ്ഞ് ഭരത് അരുണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മാമാങ്കം കെട്ടടങ്ങിയതോടെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കാണ്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.

ഇപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് പറയുകയാണ് ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍. ഇംഗ്ലണ്ടിലെ പിച്ചില്‍ റിസ്റ്റ് സ്പിന്നര്‍മാര്‍ ഫലപ്രദമാണെന്നും പിച്ചിലെ പോറലുകള്‍ ഉപയോഗിച്ച് പന്തെറിയുന്ന ഇതിഹാസം ഷെയ്ന്‍ വോണിനെപ്പോലെ പ്രകടനം നടത്താന്‍ സാധിക്കുമെന്നും ഭരത് പറഞ്ഞു. മാത്രമല്ല താരതമ്യേന അനുഭവപരിചയമില്ലാത്ത ബൗളിങ് യൂണിറ്റാണെങ്കിലും വലിയ സാധ്യതകള്‍ ഉണ്ടെന്ന് ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

‘റിസ്റ്റ് സ്പിന്നര്‍മാര്‍ എപ്പോഴും ഫലപ്രദരാണ്, പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍. തുടക്കത്തില്‍ വിക്കറ്റില്‍ അല്‍പ്പം ഈര്‍പ്പം ഉള്ളപ്പോഴും ബൗളര്‍മാര്‍ സൃഷ്ടിക്കുന്ന പരിക്കുകളും റിസ്റ്റ് സ്പിന്നര്‍മാരെ സഹായിക്കും. പിച്ചിലെ പോറലുകള്‍ ഉപയോഗിക്കുന്നത് ഒരു പ്രത്യേക കലയാണ്.

ബൗളിങ്ങില്‍ ഷെയ്ന്‍ വോണാണ് നമ്മുടെ മനസില്‍ പെട്ടെന്ന് വരുന്ന ഒരാള്‍. ഇംഗ്ലണ്ടില്‍ വിജയിക്കാന്‍ ആവശ്യമായ കഴിവുകള്‍ കുല്‍ദീപിനുണ്ടെന്ന് ഞാന്‍ കരുതുന്നു. ബൗളിങ് ആക്രമണം നോക്കുകയാണെങ്കില്‍ ഇത് താരതമ്യേന അനുഭവപരിചയമില്ലാത്തതാണ്, എന്നിരുന്നാലും വലിയ സാധ്യതകളുണ്ട്,’ ഭരത് അരുണ്‍ റെവ്‌സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സി, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്സ്

Content Highlight: INDIA VS ENGLAND: Bharat Arun Praises Kuldeep Yadav

We use cookies to give you the best possible experience. Learn more