ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മാഞ്ചസ്റ്ററില്‍ നടക്കുകയാണ്. നിര്‍ണായക ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 358 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്.
സാക് ക്രോളിയോയും (113 പന്തില്‍ 84) ബെന്‍ ഡക്കറ്റിനേയുമാണ് ( 100 പന്തില്‍ 94) ത്രീ ലയണ്‍സിന് തുടക്കത്തില്‍ നഷ്ടമായത്. മികച്ച ഇന്നിങ്‌സ് കളിച്ചാണ് ഇരുവരും കളം വിട്ടത്. ബെന്‍ ഡക്കറ്റ് സെഞ്ച്വറിക്കടുത്ത് എത്തിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ അന്‍ഷുല്‍ കാംബോജാണ് താരത്തെ പുറത്താക്കിയത്. ക്രോളിയെ രവീന്ദ്ര ജഡേജയാണ് കുരുക്കിയത്.
ആക്രമണ രീതിയില്‍ ബാറ്റ് വീശി ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയാണ് ഇരുവരും കളം വിട്ടത്. മാത്രമല്ല സെഞ്ച്വറി ലഭിച്ചില്ലെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടവും തൂക്കിയാണ് ബെന്‍ ഡക്കറ്റ് മടങ്ങിയത്. 50 പന്തില്‍ താഴെ കളിച്ച് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ നേടുന്ന താരമാകാനാണ് ഡക്കറ്റിന് സാധിച്ചത് (2001ന് ശേഷം). ഈ ലിസ്റ്റില്‍ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗാണ് മുന്നില്‍. ഈ നേട്ടത്തില്‍ സാക്ഷാല്‍ ക്രിസ് ഗെയ്‌ലിനൊപ്പവും തമീം ഇഖ്ബാലിനൊപ്പവുമാണ് ഡക്കറ്റ് സ്ഥാനം പിടിച്ചത്.
വിരേന്ദര്‍ സെവാഗ് – 17
ഡേവിഡ് വാര്‍ണര്‍ – 15
ബെന്‍ ഡക്കറ്റ് – 10
ക്രിസ് ഗെയ്ല്‍ – 10
തമീം ഇഖ്ബാല്‍ – 10
നിലവില്‍ ഒല്ലി പോപ്പും (20) ജോ റൂട്ടുമാണ് (11) ക്രീസിലുള്ളത്. മത്സരത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ യുവതാരങ്ങളായ സായ് സുദര്‍ശന്‍, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മോശമല്ലാത്ത ഒന്നാം ഇന്നിങ്സ് ടോട്ടല്‍ സ്വന്തമാക്കിയത്.
സായ് 151 പന്തില്‍ 61 റണ്‍സും ജെയ്സ്വാള്‍ 107 പന്തില്‍ 58 റണ്‍സും നേടി. 75 പന്തില്‍ 54 റണ്‍സ് നേടിയാണ് പന്ത് മടങ്ങിയത്. 46 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെയും 41 റണ്‍സടിച്ച ഷര്‍ദുല്‍ താക്കൂറിന്റെ പ്രകടനവും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.
ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് അഞ്ച് വിക്കറ്റുമായി തിളങ്ങി. സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍, ഷര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, അന്‍ഷുല്‍ കാംബോജ് എന്നിവരുടെ വിക്കറ്റുകളാണ് സ്റ്റോക്സ് വീഴ്ത്തിയത്.
സ്റ്റോക്സിന് പുറമെ ജോഫ്രാ ആര്‍ച്ചറും മികച്ച പ്രകടനം കാഴ്ചവെച്ചു. റിഷബ് പന്തിന്റേതടക്കം മൂന്ന് വിക്കറ്റുകളാണ് ആര്‍ച്ചര്‍ സ്വന്തമാക്കിയത്. ക്രിസ് വോക്സും ലിയാം ഡോവ്സണുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.
Content Highlight: India VS England: Ben Duckett In Great Record Achievement In Test Cricket